എറണാകുളം : ബലാത്സംഗ കേസിൽ പ്രതിയായ ഹൈക്കോടതിയിലെ മുൻ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പി ജി മനുവിന് ജാമ്യം. എറണാകുളം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി.ജി.മനുവിന് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ ബോണ്ട്, തത്തുല്യ ആൾ ജാമ്യം,ചോറ്റാനിക്കര പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ല, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്‌ച അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ.
അന്വേഷണം പൂർത്തിയായി കേസിൽ കുറ്റപത്രം സമർപ്പിച്ചുവെന്ന് സർക്കാർ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മനുവിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി അനുവദിച്ചത്. ജനുവരി 31നാണ് പി.ജി മനു പൊലീസ് മുൻപാകെ കീഴടങ്ങിയത്. തന്‍റെ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിലെ മനുവിന്‍റെ ജാമ്യ ഹർജി. ചോദ്യം ചെയ്യലുമായും അന്വേഷണവുമായും മനു സഹകരിച്ചിരുന്നു. ഏത് ഉപാധികളും അനുസരിക്കാമെന്നും പി.ജി മനു ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു .