എറണാകുളം: മലയാറ്റൂരിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി (baby elephant fell into well rescue operation). ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ച് വഴിയുണ്ടാക്കിയാണ് കാട്ടാനക്കുട്ടിയെ കിണറ്റിൽ നിന്നും കയറ്റിയത്. കിണറ്റിൽ നിന്നും കയറിയ കാട്ടനക്കുട്ടി വനത്തിലേക്ക് ഓടിപ്പോവുകയും ചെയ്‌തു.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു മൂന്ന് മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടിയാനയെ കരയ്‌ക്കെത്തിച്ച ശേഷം ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും ആന ഓടിപ്പോയതോടെ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. ആശങ്കകൾക്കൊടുവിൻ കുട്ടിയാന കരയ്ക്ക് കയറിയതോടെ നാട്ടുകൾ ആഹ്ലാദാരവം മുഴക്കി.
കാട്ടാനകൂട്ടത്തിലേക്കാണ് കുട്ടിയാന പോയെതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ന് (ഫെബ്രുവരി 16) പുലർച്ചെ നാല് മണിയോടെയാണ് കൂട്ടമായി എത്തിയ കാട്ടാനക്കൂട്ടത്തിൽ നിന്നും കുട്ടിയാന കിണറ്റിൽ വീണത്. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ സംരക്ഷണ ഭിത്തിയില്ലാത്ത കിണറ്റിലാണ് കുട്ടിയാന വീണത്.
കൂടെയുള്ള കാട്ടാനക്കൂട്ടം മണിക്കൂറുകളോളം ഇവിടെ നിലയുറപ്പിച്ചതിനാൽ വനപാലകർക്ക് ഇവിടെ എത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പടക്കം പൊട്ടിച്ച് കാട്ടാനക്കൂട്ടത്തെ തുരുത്തുകയായിരുന്നു. ആനക്കൂട്ടം ഇവിടെ നിന്നും മാറിയതോടെയാണ് കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമം വനം വകുപ്പ് ഉദ്യോഗസ്ഥർ ആരംഭിച്ചത്.