എറണാകുളം:ആറ്റിങ്ങൽ ഇരട്ടക്കൊലപാതക കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയിൽ ഇളവ് നല്‍കി ഹൈക്കോടതി. വിചാരണ കോടതി വിധിച്ച വധശിക്ഷ ജീവപര്യന്തമായി കുറച്ചാണ് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
അതേ സമയം നിനോ മാത്യു 25 വർഷം പരോളില്ലാതെ കഠിന തടവ് അനുഭവിക്കുകയും വേണം. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീൽ തള്ളിയ കോടതി അവരുടെ ഇരട്ട ജീവപര്യന്തം ശരി വച്ചു. വിധി സ്വാഗതം ചെയ്യുന്നതായി ഗവൺമെന്‍റ് സ്‌പെഷ്യൽ പ്ലീഡർ പ്രതികരിച്ചു.
അനുശാന്തിയുടെ നാല് വയസുകാരി മകളെയും ഭര്‍ത്താവിന്‍റെ മാതാവിനെയുമാണ് സുഹൃത്തായ നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്. 2014 ഏപ്രില്‍ പതിനാറിനായിരുന്നു ഇരട്ടക്കൊലപാതകം. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു ഒന്നാം പ്രതി നിനോ മാത്യുവും രണ്ടാം പ്രതി അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാന്‍ തടസം നില്‍ക്കുന്നുവെന്ന കാരണത്താലായിരുന്നു കൊലപാതകം.
Also Read:സംശയത്തിന്‍റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ
സ്വന്തം മകളെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണ് എന്നായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരാമര്‍ശം. അനുശാന്തിയുടെ ഭർത്താവിനെയും നിനോ മാത്യു വെട്ടി പരിക്കേൽപ്പിച്ചിരുന്നു.