മേയറുടെ വാദം പൊളിയുന്നു, കെഎസ്ആർടിസി ബസിനെ പിന്തുടർന്ന് തടയുന്ന സിസിടിവി ദൃശ്യം പുറത്ത് തിരുവനന്തപുരം : കെഎസ്ആർടിസി ബസിനെ പിന്തുടർന്ന് തടഞ്ഞില്ലെന്ന മേയർ ആര്യ രാജേന്ദ്രന്‍റെ വാദം പൊളിയുന്നു. ബസിനെ പിന്തുടർന്ന് തടയുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. പാളയം സാഫല്യം കോംപ്ലക്‌സിന് മുമ്പിൽ, മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനം ബസിന് കുറുകെയിട്ട് തടയുന്ന ദൃശ്യമാണ് പുറത്തുവന്നത്.
ഡ്രൈവർ ലൈംഗിക ചുവയോടുകൂടിയുള്ള ആംഗ്യം കാണിച്ചതിന് പിന്നാലെ ബസ് സിഗ്നലില്‍ എത്തിയപ്പോൾ വണ്ടി നിർത്തി ഇത് ചോദ്യം ചെയ്‌തു എന്നായിരുന്നു മേയറുടെ വാദം. എന്നാൽ കാർ കുറുകെ നിർത്തി ഡ്രൈവറുമായി തർക്കമുണ്ടായതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ കന്‍റോൺമെന്‍റ് പൊലീസെത്തി യാത്രക്കാരെ ഇറക്കി വിട്ട് കെ എസ് ആർ ടി സി ഡ്രൈവർ യദുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനോട് ഡ്യൂട്ടിക്ക് കയറണ്ട എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറെ നേരിൽ കണ്ടതിനുശേഷം മാത്രം ഡ്യൂട്ടയിൽ പ്രവേശിക്കാനാണ് യദുവിന് നിർദേശം നൽകിയത്.
സ്ത്രീത്വത്തെ അപമാനിച്ച ഡ്രൈവറുടെ പ്രവർത്തിക്കെതിരെ ഡിവൈഎഫ്ഐയും രംഗത്തുവന്നിട്ടുണ്ട്. ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി പ്രസ്‌താവനയിറക്കിയിരുന്നു.
Also Read:'സൈഡ് നല്‍കാത്തതല്ല പ്രശ്‌നം' ; കെഎസ്‌ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ വിശദീകരണവുമായി ആര്യ രാജേന്ദ്രൻ