തിരുവനന്തപുരം:അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ–ദേവി ദമ്പതികളുടെയും, സുഹൃത്തായ ആര്യയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്ന് (04-04-2024) ഉച്ചയ്ക്ക് 12.20 ഓടെയാണ് മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.
ആശുപത്രിയിൽ കൊണ്ടുപോയി എംബാം നടപടികൾ പൂർത്തിയാക്കിയശേഷം ആര്യയുടെയും, ദേവിയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരത്തെ വസതിയിൽ എത്തിച്ചു. ആര്യയുടെയും ദേവിയുടെയും മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. അതേസമയം നവീന്‍റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കു കൊണ്ടുപോയി.
വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി നായർ (29), ആയുർവേദ ഡോക്‌ടർമാരായ കോട്ടയം മീനടം നെടുംപൊയ്‌കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരെ (02-04-2024) ചൊവ്വാഴ്‌ചയാണ് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂവരുടെയും വ്യക്തിഗത വിവരങ്ങളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്. നവീന്‍റെ മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി.
എന്തുകൊണ്ട് സിറോ:ആത്മഹത്യ ചെയ്യാൻ എന്തുകൊണ്ട് സിറോ തെരഞ്ഞെടുത്തെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പൊലീസ് കണ്ടെത്താൻ ശ്രമിക്കുന്നത്. സിറോയ്ക്ക് സമീപം ബ്ലാക്ക് മാജിക്ക് കേന്ദ്രങ്ങളുണ്ടോ എന്നും പൊലീസിന് സംശയം ഉണ്ട്. എന്തെങ്കിലും വിശ്വാസത്തിന്‍റെയോ, മൂവരും വായിച്ച ഏതെങ്കിലും പുസ്‌തകത്തിന്‍റെയോ പ്രേരണ ആത്മഹത്യയ്ക്ക് പിന്നിൽ ഉണ്ടായേക്കാമെന്ന് തിരുവനന്തപുരം ഡിസിപി നിധിൻ രാജ് പറഞ്ഞിരുന്നു.
മൂവരും ഉപയോഗിച്ച മുറികളും, സഞ്ചരിച്ച കാറുകളും, സമൂഹ മാധ്യമ ഇടപെടലുകളും പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയായിരുന്നു. ദേവി മുൻപ് ഇവിടെ അധ്യാപികയായി ജോലി ചെയ്‌തിരുന്നു. മാർച്ച് 27 ന് ആണ് ഇവർ അരുണാചലിൽ പോയത്.
അരുണാചലിന്‍റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലില്‍ ആണ് ഇവര്‍ മുറിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ റസ്‌റ്ററന്‍റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ (03-04-2024) രാവിലെ 10 മണി കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചു പോകുകയായിരുന്നു.
മുറിയിൽ ആര്യ കട്ടിലിലും, ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞ നിലയിൽ മരിച്ചു കിടക്കുകയായിരുന്നു. നവീന്‍റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്‌ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം. മരണത്തിനു മുൻപ് ആഭിചാരക്രിയകൾ നടന്നായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
അന്യഗ്രഹത്തില്‍ സുഖ ജീവിതം: മരണശേഷം അന്യഗ്രഹത്തില്‍ സുഖ ജീവിതമുണ്ടെന്ന് നവീന്‍ രണ്ടുപേരെയും വിശ്വസിപ്പിച്ചിരുന്നതായാണ് സൂചന. പ്രത്യേക രീതിയിലുള്ള മരണത്തിലൂടെ അന്യഗ്രഹത്തില്‍ എത്താന്‍ കഴിയുമെന്നും നവീന്‍ ഇവരെ വിശ്വസിപ്പിച്ചു. വിചിത്ര വിശ്വാസത്തിന്‍റെ ആശയങ്ങള്‍ നവീന്‍ നേടിയെടുത്തത് ഡാര്‍ക്ക് നെറ്റില്‍ നിന്നാണെന്നാണ് സൂചന.
ഡാര്‍ക്ക് നെറ്റിലടക്കം പിന്തുടര്‍ന്ന വിചിത്ര വിശ്വാസത്തിന്‍റെ ഭാഗമായുള്ള അന്യഗ്രഹ ജീവിതം മരിച്ചവര്‍ ആഗ്രഹിച്ചിരുന്നു. ഈ നിഗമനങ്ങള്‍ ശരിവെക്കുന്ന തെളിവുകളാണ് ആര്യയുടെയും നവീന്‍റെയും ലാപ്ടോപ്പിലുള്ളത്. അന്യഗ്രഹ ജീവിതത്തേക്കുറിച്ച് പറയുന്ന ഒട്ടേറെ ലേഖനങ്ങളും ചിത്രങ്ങളും ലഭിച്ചു.
ദുരൂഹമായ ഇ-മെയിലുകൾ:മരിച്ച നവീനും, ദേവിയും, ആര്യയും തമ്മില്‍ നടത്തിയ ഇ-മെയില്‍ ആശയവിനിമയങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇ-മെയില്‍ സന്ദേശങ്ങളില്‍ ഇവര്‍ സ്വന്തം പേരുകളല്ല ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ മറ്റാര്‍ക്കും പെട്ടന്ന് മനസ്സിലാകാത്ത രഹസ്യ ഭാഷയിലൂടെയാണ് മൂവരും സംസാരിച്ചിരുന്നത്. യാത്രകളെക്കുറിച്ചും മരണശേഷമുള്ള ജീവിതത്തെക്കുറിച്ചുമാണ് സംഭാഷണങ്ങളിലധികവും.
നവീനും ദേവിയും മുന്‍പ് അരുണാചലില്‍ പോയിട്ടുണ്ട്. മരണം വരിക്കാന്‍ ഇവര്‍ അരുണാചല്‍ തെരഞ്ഞെടുത്തതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഇത്തവണയും നവീന്‍ തോമസിന്‍റെ സ്വാധീനത്തിലാണ് മൂവരും അരുണാചലിലേക്ക് പോയതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇവര്‍ എങ്ങിനെ ഈ വിശ്വാസത്തിലേക്ക് എത്തിയെന്നും അതില്‍ മറ്റേതെങ്കിലും വ്യക്തികളുടെയോ, സംഘങ്ങളുടെയോ പ്രേരണയുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Also Read:ശരീരത്തില്‍ മുറിവുകള്‍, ഹോട്ടല്‍ മുറിയില്‍ തളംകെട്ടി രക്തം; ഇറ്റാനഗറില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത