തിരുവനന്തപുരം:ഗവർണർ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പടിയിറങ്ങി കേരളത്തോട് യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ. കേരളവുമായി ആജീവനാന്ത ബന്ധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരുമായി സർവകലാശാല വിഷയത്തിലല്ലാതെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല, സർക്കാരിന് ആശംസകൾ നേരുന്നു. കേരളത്തോട് എന്നും നന്ദി ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
മലയാളത്തിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍റെ യാത്ര പറച്ചിൽ. ഇന്ന് യാത്ര തിരിച്ച ഗവർണർ ജനുവരി രണ്ടാം തീയതി ബിഹാർ ഗവർണറായി ചുമതല ഏൽക്കും. 2024 സെപ്റ്റംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവർണർ പദവിയിൽ 5 കൊല്ലം പൂര്‍ത്തിയാക്കുന്നത്. വിവാദങ്ങളും സംഘർഷങ്ങളും നിറഞ്ഞ അഞ്ചു വർഷക്കാലമായിരുന്നു കഴിഞ്ഞുപോയത്. പോകുമ്പോള്‍ നല്ല വാക്കുകള്‍ മാത്രമാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.