കോട്ടയം:കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് കേരള, ഗോവ ഗവർണർമാർ. തിങ്കളാഴ്‌ച്ച രാവിലെ 10 മണിയോടെ പായിപ്പാട്ട് ഷിബു വർഗീസിൻ്റെ വീട്ടിലെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഷിബുവിന്‍റെ ഭാര്യ റോസി തോമസിനെയും മൂന്നുവയസുള്ള മകൻ എയ്‌ഡൻ വർഗീസിനെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു.
തുടർന്ന് പാമ്പാടി സ്വദേശി സ്‌റ്റെഫിന്‍റെ വാടകവീട്ടിലെത്തിയ ഗവർണർ മാതാപിതാക്കളെയും സഹോദരങ്ങളായ ഫെബിൻ, കെവിൻ എന്നിവരെയും അനുശോചനം അറിയിച്ചു. തിരുവനന്തപുരത്തേക്കു മടങ്ങും വഴി വൈകിട്ട് ഇത്തിത്താനം കിഴക്കേടത്ത് പി ശ്രീഹരിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.