പത്തനംതിട്ട : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ പ്രസിദ്ധമായ അഷ്‌ടമിരോഹിണി വള്ളസദ്യ നടന്നു. വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്‌തു. ആരോഗ്യമന്ത്രി വീണ ജോർജും ചടങ്ങിൽ പങ്കെടുത്തു. 52 കരകളിലെ കരനാഥന്മാരടക്കം അര ലക്ഷത്തോളം ആളുകൾ അഷ്‌ടമിരോഹിണി വള്ള സദ്യയിൽ പങ്കുചേർന്നു.
ആനക്കൊട്ടിലിന്‍റെ വടക്കുവശം മുതൽ പടിഞ്ഞാറേ തിരുമുറ്റത്ത് യക്ഷിയമ്പലം വരെയുള്ള സ്ഥലത്താണ് 52 കരനാഥന്മാർക്ക് സദ്യ വിളമ്പുന്നത്. ശ്രീകൃഷ്‌മജയന്തി ദിവസം ഭക്തനും ഭഗവാനും ഒന്നിച്ചിരുന്ന് അന്നം ഭക്ഷിക്കുന്നതായാണ് വള്ളസദ്യയുടെ വിശ്വാസം. ഗജമണ്ഡപത്തിൽ ഭഗവാന് പ്രസാദം സമർപ്പിച്ചതോടെയാണ് വള്ളസദ്യയ്ക്കു തുടക്കമായത്.