എറണാകുളം:ലൈംഗികാതിക്രമണക്കേസില്‍ നടനും ഇടത് എംഎൽഎയുമായ മുകേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം അഞ്ചിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷയിൽ വിധി പറയും.
മുകേഷ്, ഇടവേള ബാബു, കോണ്‍ഗ്രസ് നേതാവ് അഡ്വക്കറ്റ് ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് വിധി പറയാനായി സെപ്‌തംബര്‍ അഞ്ചിലേക്ക് മാറ്റിയത്. അതേസമയം മണിയന്‍ പിള്ള രാജുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. മണിയന്‍ പിള്ള രാജുവിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാലാണ് തീര്‍പ്പാക്കിയത്.
മുകേഷ് ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ട് ദിവസം വിശദമായി രഹസ്യവാദം കേട്ടശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാനായി മാറ്റിയത്. തങ്ങൾ സമർപ്പിച്ച സാങ്കേതികമായ തെളിവുകൾ കോടതി പരിശോധിച്ചു. പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും കോടതി പരിശോധിച്ചതായി അഭിഭാഷകൻ ജിയോ പോൾ പറഞ്ഞു.
പരാതിക്കാരി ബ്ലാക്മെയിൽ ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നും അനേഷ്വണവുമായി സഹരിക്കാമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ മുകേഷ് വ്യക്തമാക്കിയിരുന്നു. പരാതിക്കാരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിനായി വാട്‌സ്ആപ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയെന്നും മുകേഷ് കോടതിയെ അറിയിച്ചിരുന്നു.