പത്തനംതിട്ട:മണ്ഡല മകരവിളക്ക് ഉത്സവത്തിനായി മൂന്ന് ദിവസം മാത്രം ശേഷിക്കേ സന്നിധാനത്തെത്താനുള്ള തിടുക്കത്തിലാണ് മുരിക്കേത്ത് ഗോപാലകൃഷ്‌ണൻ നായർ എന്ന ഗുരുസ്വാമി. തുടർച്ചയായ 25 ആം വർഷവും ശബരിമലയിൽ അയ്യപ്പ ഭക്തരെ അനൗൺസ്മെൻ്റിലൂടെ വരവേൽക്കാനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹം.
കഴിഞ്ഞ 24 വർഷത്തിനിടെ ഒരു തവണയെങ്കിലും, മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയിലെത്തിയിട്ടുള്ള ഏവർക്കും സുപരിചിതമാണ് പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ഗുരുസ്വാമിയുടെ ശബ്‌ദം. അനൗൺസ്മെന്‍റിൻ്റെ ഭാഗമായാണെങ്കിലും ഏറ്റവുമധികം തവണ ശരണ മന്ത്രങ്ങൾ ഉരുവിടുന്നതിൻ്റെ പുണ്യവും മുരിക്കേത്ത് ഗോപാലകൃഷ്‌ണൻ നായർ എന്ന ഈ വലിയ സ്വാമിക്ക് അവകാശപ്പെട്ടതാണ്.
മണ്ഡല മകരവിളക്ക് കാലങ്ങളിൽ പമ്പയിലെത്തുമ്പോഴും, കഠിനമായ മലകയറ്റത്തിനിടയിലും, തീർഥാടക ലക്ഷങ്ങളെ ഭക്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ച് നടത്തുന്നതാണ് മുരിക്കേത്ത് ഗുരുസ്വാമിയുടെ മുഴക്കമുള്ള ശബ്‌ദം. നാല് പതിറ്റാണ്ടായി അനൗൺസ്മെൻ്റ് ഉപജീവനമാക്കിയ വ്യക്തിയാണ് ഗോപാലകൃഷ്‌ണൻ നായർ. ഒരേസമയം അനൗൺസ്‌മെന്‍റും ഡ്രൈവിങ്ങും നടത്തിക്കൊണ്ട് ശ്രദ്ധേയനായ വ്യക്തി കൂടിയാണ് ഗോപാലകൃഷ്‌ണൻ നായർ.