കാസർകോട്:കായികരംഗത്ത് സ്ത്രീകൾ കുതിക്കുകയാണ്. പുരുഷ മേധാവിത്വമുള്ള കായിക മേഖലകളിലെ തൊഴിലിലേക്ക് സ്ത്രീകളും സ്വന്തമായൊരിടം കണ്ടെത്തുന്നു. അത്തരത്തിലൊരു തൊഴിലിലേക്ക് ചുവടെടുത്ത് വെക്കുകയാണ് അഞ്ജിത എന്ന 23 കാരി. ഇന്ത്യയിലെ ആദ്യത്തെ വനിത ഫുട്ബോൾ വിഡിയോ അനലിസ്റ്റ് എന്ന അത്യപൂര്‍വ്വ നേട്ടത്തിലേക്കാണ് അഞ്ജിത എത്തിയിരിക്കുന്നത്.
കാസർകോട് ബങ്കളം സ്വദേശിനിയായ അഞ്‌ജിത ഗോകുലം കേരള വനിതാ സീനിയർ ടീമിന് വേണ്ടിയാണ് കരാർ ഒപ്പുവച്ചത്. മുമ്പ് മുത്തൂറ്റ് എഫ്എയൂടെ ഭാഗമായിരുന്നു അഞ്‌ജിത. ഇന്ത്യൻ ഫുട്‌ബോളില്‍ തന്നെ ആദ്യമായാണ് ഒരു വനിത വീഡിയോ അനലിസ്റ്റായെത്തുന്നത്.
അത് ഒരു മലയാളി ആയതിൽ കേരളത്തിനും അഭിമാനിക്കാം. കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ വനിതാ ടീമിനായി കളിച്ചിട്ടുള്ള അഞ്ജിത മുന്‍ കേരള താരമാണ്. അഞ്ജിതയ്ക്ക് ഫുട്‌ബോളിനോട് അത്രയേറെ ഇഷ്‌ടമാണ്. സ്ഥിരമായി ഈ മേഖലയിൽ തന്നെ നിൽക്കണമെന്ന ആഗ്രഹം കൊണ്ടാണ് കളത്തിനപ്പുറം കരിയർ ഓപ്ഷനുകൾ തേടാൻ തുടങ്ങിയത്.
ഇതിനായി പ്രത്യേക കോഴ്‌സ് പഠിച്ചു. പ്രൊഫഷണൽ ഫുട്ബോൾ സ്‌കൗട്ട്സ് അസോസിയേഷനിൽ (പിഎഫ്എസ്എ) ഒരു കോഴ്‌സ് പൂർത്തിയാക്കിയതോടെ പതുകെ പതുക്കെ ഫുട്ബോൾ വീഡിയോ അനലിസ്റ്റായി മാറുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിൻ്റെ അനലിസ്റ്റായ ആനന്ദ് വർദ്ധൻ്റെ സഹായവും അഞ്ജിതയ്ക്ക് ഏറെ സഹായകരമായി.
ഏതൊരു പെൺകുട്ടിയെയും പോലെ അഞ്ജിതയുടെ ഹീറോ അച്ഛന്‍ മണിയാണ്. കാസർകോട്ടെ അറിയപ്പെടുന്ന ഫുട്ബോൾ ഗോളി ആയിരുന്നു മണി. അച്ഛന്‍റെ ഫുട്ബോളിനോടുള്ള ആവേശം മകളിലും എത്തി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അഞ്ജിത സ്‌കൂളിലെ ഫുട്ബോൾ ടീമിൽ ചേരാൻ തീരുമാനിച്ചു. ആദ്യ പരിശീലകൻ നാട്ടുകാരനായ നിതീഷ് ആണ്. നിതീഷിലൂടെയാണ് ഫുട്ബോളിന്‍റെ ബാലപാഠങ്ങൾ അഞ്ജിത പഠിച്ചത്.