കാസർകോട്:നീലേശ്വരത്ത് പാറയില്‍ കോറിയിട്ട മനുഷ്യരൂപവും കാല്‍പാദങ്ങളും കണ്ടെത്തി. കാഞ്ഞിരപ്പൊയിലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പാറയിലാണ് 24 ജോഡി കാല്‍പാദങ്ങളും ഒരു മനുഷ്യ രൂപവും കണ്ടെത്തിയത്. ഇരുമ്പ് ആയുധങ്ങള്‍ കൊണ്ട് കോറിയിട്ട ഈ രൂപങ്ങള്‍ മഹാശിലാ കാലഘട്ടത്തിലേതാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രാദേശിക പുരാവസ്‌തു നിരീക്ഷകനായ സതീശൻ കാളിയാനം സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് പുരാവസ്‌തു ഗവേഷകനായ പ്രൊഫ.അജിത്ത് കുമാർ, ചരിത്ര ഗവേഷകനായ ഡോ. നന്ദകുമാർ കോറോത്ത് എന്നിവരെ വിവരം അറിയിച്ചു. ഇവരെത്തി പാറയിലെ പുല്ലുകള്‍ വകഞ്ഞ് മാറ്റി പരിശോധന നടത്തി. ഇതോടെയാണ് ഇവ മഹാശില കാലഘട്ടത്തിലേതാണെന്ന് തിരിച്ചറിഞ്ഞത്.
കുട്ടികളുടെയും മുതിര്‍ന്നവരുടെ കാല്‍പാദങ്ങളാണ് പാറയില്‍ കണ്ടെത്തിയത്. ഇവ തിരിച്ചറിഞ്ഞത് ഇവയുടെ നീളം കണക്കിലെടുത്താണ്. ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ഇഞ്ച് നീളത്തിലുള്ളതാണ് കാല്‍പാദങ്ങള്‍. കാൽപാദങ്ങൾ അവസാനിക്കുന്നിടത്ത് ഒരു മനുഷ്യ രൂപവും കൊത്തി വച്ചിട്ടുണ്ട്. മനുഷ്യരൂപത്തിൻ്റെ ചുറ്റിലുമായി വൃത്താകൃതിയിലുള്ള നാല് കുഴികളും കാണപ്പെടുന്നുണ്ട്. സമാനമായ ശിലാ ചിത്രങ്ങൾ ഉഡുപ്പിയിലെ അവലക്കിപ്പാറയിൽ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയിട്ടുണ്ട്.