കേരളം

kerala

ETV Bharat / state

കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; 12 വയസുകാരൻ ചികിത്സയിൽ - Amoebic meningoencephalitis case - AMOEBIC MENINGOENCEPHALITIS CASE

രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് സ്വദേശിയായ 12 വയസുകാരന്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.

AMOEBIC MENINGOENCEPHALITIS  അമീബിക് മസ്‌തിഷ്‌ക ജ്വരം  കോഴിക്കോട് അമീബിക് മസ്‌തിഷ്‌ക ജ്വരം
Representative Image (ians)

By ETV Bharat Kerala Team

Published : Jun 28, 2024, 12:54 PM IST

കോഴിക്കോട്: ജില്ലയിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

കണ്ണൂർ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ച് വയസുകാരിയും നേരത്തെ ഈ രോഗം ബാധിച്ച് മരിച്ചിരുന്നു. ഈ മാസം 12 നാണ് കണ്ണൂർ തൊട്ടാട സ്വദേശിയായ ദക്ഷിണ മരിച്ചത്. രോഗം റിപ്പോർട്ട് ചെയ്‌ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്‌തിഷ്‌ക ജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതുമാണ് മസ്‌തിഷ്‌കജ്വരം. അപൂർവങ്ങളിൽ അപൂർവമായി മനുഷ്യനെ ബാധിക്കുന്ന രോഗമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം.

എന്താണ് യഥാർഥത്തിൽ ഈ രോഗം ?

അമീബ തലച്ചോറിലേക്ക് പ്രവേശിച്ച് മസ്‌തിഷ്‌കത്തിലെ കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരുന്നതുമാണ് തുടക്കം. വളരെ അപൂർവമായി മാത്രമേ അമീബ മനുഷ്യരിൽ രോ​ഗം ഉണ്ടാക്കാറുള്ളു. പല തരം അമീബകൾ രോ​ഗകാരികൾ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്.

രണ്ടു ഘട്ടങ്ങളായാണ് അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമാവുക. ആദ്യഘട്ടത്തിൽ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് വേദന മുതലായവയാണ് കാണിക്കുക. പക്ഷേ പല പനിക്കും ഈ രോഗലക്ഷണങ്ങൾ കാണുന്നതുകൊണ്ടുതന്നെ ആരും വിദ​ഗ്‌ധ പരിശോധനയ്ക്ക് വിധേയമാക്കില്ല.

രണ്ടാംഘട്ടത്തിലേക്ക് പോകുമ്പോൾ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്‌മാരം, ഓർമ നഷ്‌ടമാകൽ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തിൽ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടർ പരിശോധനയിലൂടെ രോ​ഗനിർണയം നടത്തുകയും ചെയ്യുക. കേന്ദ്ര നാഡീ വ്യൂഹത്തിനെ ബാധിക്കുന്ന രോഗമാണിത്. രോഗ പ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലും മറ്റേതെങ്കിലും രോഗമുള്ളവരിലുമാണ് ഇത് പൊതുവേ ബാധിക്കുന്നത്.

ഏകകോശ ജീവിയായ അമീബകളിൽ ചിലത് മനുഷ്യ ശരീരത്തിൻ പ്രവേശിച്ചാൽ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. എന്‍റെമീബ ഹിസ്റ്റോലിറ്റിക്ക എന്ന അമീബ മനുഷ്യരിൽ വയറുകടി ഉണ്ടാക്കുന്ന ഒരു രോഗാണുവാണ്. നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്‌തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം.

ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉണ്ടായേക്കാം. കുളിക്കുമ്പോൾ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കണമെന്നില്ല. എന്നാൽ ഡൈവ് ചെയ്യുമ്പോളോ നീന്തുമ്പോളോ വെള്ളം ശക്തിയായി മൂക്കിൽ കടന്നാൽ, മൂക്കിലെ അസ്ഥികൾക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു.

അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും, തല വെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം. കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്. ഈ രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ല.

എല്ലാ മസ്‌തിഷ്‌ക ജ്വരങ്ങൾക്കും ലക്ഷണങ്ങൾ ഒന്നുതന്നെയാണെങ്കിലും അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ട് രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ഇതുവരെ ലഭ്യമല്ല. രോഗലക്ഷണങ്ങളെ ചികിൽസിക്കുന്നതിന് ആംഫോട്ടെറിസിൻ ബി പോലുള്ള അഞ്ചോളം മരുന്നുകളും സ്റ്റിറോയിഡുമാണ് നൽകി വരുന്നത്.

എന്നാൽ ഇത് കിഡ്‌നിയ്‌ക്കടക്കം വലിയ പാർശ്വഫലം ഉണ്ടാക്കും. രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്‌മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്. എന്ത് തന്നെ ചെയ്‌താലും ഈ രോഗത്തിന് മരണസാധ്യത വളരെ വളരെ കൂടുതലാണ്. സാധാരണഗതിയിൽ മസ്‌തിഷ്‌ക ജ്വരം കണ്ടുപിടിക്കുന്നത് സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് നട്ടെല്ലിന്‍റെ താഴെ ഭാഗത്തു നിന്നും കുത്തിയെടുത്ത് പരിശോധിച്ചാണ്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരിയിൽ ഈ പരിശോധനയിലൂടെയാണ് രോഗം സ്ഥീരീകരിച്ചത്.

അമീബിക് മസ്‌തിഷ്‌ക ജ്വരം തടയുന്നതെങ്ങനെ?

ക്ലോറിനേഷൻ മൂലം നശിച്ചുപോകുന്നതിനാൽ അതാണ് ഏറ്റവും നല്ല പോംവഴി. ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല.

സ്വിമ്മിംഗ് പൂളുകളിലെ വെള്ളം നിബന്ധനകൾക്കനുസരിച്ച് മാറ്റുക

പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക

നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകൾ ഉപയോഗിക്കാതിരിക്കുക

മൂക്കിൽ ശക്തമായി വെള്ളം കയറുന്ന നീന്തൽ, ഡൈവിംഗ് എന്നിവ കരുതലോടെ ചെയ്യുക.

നസ്യം പോലുള്ള ചികിത്സാ രീതികൾ ആവശ്യമുണ്ടെങ്കിൽ അതിന് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

Also Read: അമീബിക് മസ്‌തിഷ്‌ക ജ്വരം: ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു

ABOUT THE AUTHOR

...view details