കേരളം

kerala

ETV Bharat / state

80 കാരിക്ക് രക്ഷയായി വണ്ണാത്തിപ്പുഴയിലേക്ക് ചാഞ്ഞ മരച്ചില്ല, പ്രായത്തെ വെല്ലുന്ന അതിജീവന കഥ - വണ്ണാത്തിപ്പുഴയും വണ്ണാത്തി കടവും

വണ്ണാത്തിപ്പുഴയില്‍ അപകടത്തില്‍പ്പെട്ട 80കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പുഴയില്‍ വീണ അമ്മാളു അമ്മ അരമണിക്കൂര്‍ വെള്ളത്തിലേക്ക് ചാഞ്ഞ മരച്ചില്ല പിടിച്ച് നിന്നു. രക്ഷകനായി നാട്ടുകാരനായ രഞ്ജിത്ത് ഉണ്ണി.

Vannathi River Kannur  കൈതപ്രം വണ്ണാത്തിപ്പുഴ  വണ്ണാത്തിപ്പുഴയും വണ്ണാത്തി കടവും  Old Women Fell into River Rescued
Ammalu Amma Fell Into Vannathi River Rescued In kannur

By ETV Bharat Kerala Team

Published : Jan 25, 2024, 8:15 PM IST

വണ്ണാത്തിപ്പുഴയില്‍ വീണ 80കാരി രക്ഷപ്പെട്ടു

കണ്ണൂർ: പ്രശസ്‌ത ഗാന രചയിതാവും സംഗീതഞ്ജനുമായ കൈതപ്രത്തിന്‍റെ രചനകളിൽ തിളങ്ങി നിൽക്കുന്ന ഒരു പുഴയും കടവുമാണ് അദ്ദേഹത്തിന്‍റെ ജന്മനാട്ടിലെ വണ്ണാത്തിപ്പുഴയും വണ്ണാത്തി കടവും. പ്രകൃതി ഭംഗിയാൽ അത്രമേൽ സുന്ദരമായ പുഴയും കടവും നാട്ടുകാര്‍ക്കും എറെ പ്രിയങ്കരമാണ്. കൈതപ്രത്തിനോടും അവിടുത്തെ ജീവിതത്തോടും അത്രയേറെ ചേർന്ന് നില്‍ക്കുന്നതാണ് ഈ പുഴയും കടവും.

പുഴയില്‍ മുങ്ങി കുളിക്കുകയെന്നത് ഈ നാട്ടിലെ ഓരോരുത്തരുടെയും ദിനചര്യയില്‍പ്പെട്ടതാണ്. എന്നാൽ കഴിഞ്ഞ ദിവസം പുഴയിൽ കുളിക്കാൻ ഇറങ്ങിയ 80 വയസുകാരിക്ക് ജീവൻ തിരിച്ചു കിട്ടിയ അനുഗ്രഹ കഥയാണിപ്പോള്‍ നാട്ടില്‍ പാട്ടായിരിക്കുന്നത്. പുഴയിൽ കുളിക്കാനിറങ്ങിയ വലിയ കാമ്പ്രത്ത് അമ്മാളു അമ്മയാണ് അബദ്ധത്തിൽ പുഴയില്‍ വീണത്. വീണപ്പോള്‍ അമ്മാളു അമ്മയ്‌ക്ക് കച്ചിതുരുമ്പായത് പുഴയിലേക്ക് ചാഞ്ഞ് നിന്ന ഒരു മരച്ചില്ലയാണ്. ഒറ്റക്ക് പുഴക്കരയിലെത്തിയത് കൊണ്ട് തന്നെ അമ്മാളു അമ്മ അപകടത്തില്‍പ്പെട്ടത് ആരും അറിഞ്ഞിരുന്നില്ല.

തിങ്കളാഴ്‌ച (ജനുവരി 23) വൈകിട്ട് 5 മണിക്കാണ് അമ്മാളു അമ്മ അപകടത്തില്‍പ്പെട്ടത്. വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലമുണ്ട് പുഴയിലേക്ക്. ദിവസവും തനിയെ നടന്നാണ് അമ്മാളു അമ്മ കുളിക്കാനായി പുഴക്കടവിലെത്തുക. അന്നും പതിവ് പോലെ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.

വെള്ളത്തില്‍ വീണ അമ്മാളു അമ്മ പ്രായത്തെ അതിജീവിച്ച് അരമണിക്കൂര്‍ നേരം മരച്ചില്ല പിടിച്ച് വെള്ളത്തില്‍ നിന്നു. അതിനിടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയായ രഞ്‌ജിത്ത് ഉണ്ണി ഓടിയെത്തിയത്. മറിച്ചൊന്നും ചിന്തിക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടി. അമ്മാളു അമ്മയെ കരയിലെത്തിച്ചു.

വീഴ്‌ചയില്‍ എന്തെങ്കിലും പരിക്കേറ്റിട്ടുണ്ടാകുമോയെന്ന് സംശയിച്ച രഞ്‌ജിത്ത് അമ്മാളു അമ്മയെ ഉടന്‍ തന്നെ ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് പരിശോധന നടത്തി ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മനസിലായതോടെ വീട്ടിലെത്തിക്കുകയും ചെയ്‌തു. യാത്ര പറഞ്ഞ് തിരികെ മടങ്ങുമ്പോള്‍ ഉണ്ണിക്ക് സ്‌നേഹ ചുംബനം നല്‍കിയാണ് അമ്മാളു അമ്മ യാത്രയാക്കിയത്.

ABOUT THE AUTHOR

...view details