കോഴിക്കോട് :സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരന്‍റെ പിസിആർ പരിധനയിലും അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന് സ്ഥിരീകരണം. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചതായി കണ്ടെത്തിയിരുന്നു. പുതുച്ചേരിയിലെ ലാബിലേക്ക് അയച്ച പരിശോധന ഫലമാണ് ഇപ്പോൾ വന്നത്. വെൻ്റിലേറ്ററിൽ ചികിത്സയില്‍ തുടരുകയാണെങ്കിലും കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്‌ടര്‍മാര്‍ അറിയിച്ചത്.
രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്‍റെ നില തൃപ്‌തികരമാണ്. കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം പിടിപെട്ട് 22 ദിവസത്തിന് ശേഷം പതിനാലുകാരൻ ജീവിതത്തിലേക്ക് തിരിച്ച് വന്നത് നിലവിലെ രോഗബാധിതരുടെ മാതാപിതാക്കൾക്കും വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
നീന്തി കുളിക്കുമ്പോൾ മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് അമീബ മനുഷ്യശരീരത്തിൽ കടക്കുന്നത്. രോഗം തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്, അതിനാൽ മരണനിരക്ക് വളരെ കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്‌ച വരെ എടുക്കും എന്നതും വെല്ലുവിളിയാണ്. തലവേദന, പനി, ഛർദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അതേസമയം, രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല എന്ന് വിദഗ്‌ധർ പറയുന്നു.
എടുക്കേണ്ട മുൻകരുതൽ എന്തൊക്കെ?
- വൃത്തിഹീനമായ വെള്ളക്കെട്ടുകളിൽ കുളിക്കാതിരിക്കുക
- ചെറിയ കുളങ്ങൾ, കിണറുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക
- ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക
Also Read: വിദേശ മരുന്ന് ഫലം കണ്ടു: അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ട പതിനാലുകാരന്‍ തിരികെ ജീവിതത്തിലേക്ക് - Amebic Meningoencephalitis recovery