എറണാകുളം : ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തിൽ പിടിയിലായ അഞ്ച് പ്രതികളിൽ മൂന്ന് പേരെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്‌തു. മലപ്പുറം കച്ചേരിപ്പടി വലിയോറ മണാട്ടിപ്പറമ്പ് പറക്കോടത്ത് വീട്ടിൽ മുഹമ്മദ് ഫൈസൽ (38), ആലപ്പുഴ ചേർത്തല കുത്തിയതോട് ബിസ്‌മി മൻസിലിൽ സനീർ (31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി സിറാജ് (37) എന്നിവരെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി റിമാന്‍റ് ചെയ്‌തത്. പതിനാല് ദിവസത്തേക്കാണ് റിമാൻ്റ് . ഈ കേസിൽ അറസ്‌റ്റിലായ ചാവക്കാട് തളിക്കുളം പണിക്കവീട്ടിൽ മുബാറക്ക് (33), തിരൂരങ്ങാടി ചേറൂർ കണ്ണമംഗലം പറമ്പത്ത് സിറാജ് (36) എന്നിവരെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
നെടുമ്പാശേരി പൊലീസാണ് ചൊവ്വര ഗുണ്ടാ ആക്രമണ കേസിലെ പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ആലുവ ചൊവ്വരയിൽ റോഡിൽ നിൽക്കുയായിരുന്നവർക്കെതിരെ കാറിലും ബൈക്കിലുമെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടത്.
ആക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ ശ്രീമൂലനഗരം മുൻ പഞ്ചായത്ത് മെമ്പർ സുലൈമാൻ അടക്കം ആറു പേർക്കാണ് പരിക്കേറ്റത്. സുലൈമാനെ അക്രമികൾ ചുറ്റിക കൊണ്ട് ആക്രമിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തു. സുലൈമാൻ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
റോഡിൽ നിൽക്കുകയായിരുന്ന തങ്ങളെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമി സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകിയത്. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ലഭിച്ചിരുന്നു.