തിരുവനന്തപുരം:പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള സീറ്റ് കുറവുണ്ടെന്ന് മന്ത്രി തുറന്ന് സമ്മതിച്ചതായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. ഇത് കഴിഞ്ഞ ദിവസങ്ങളിലായി നീണ്ടു നിന്ന പോരാട്ട വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിദ്യാർഥി സംഘടനകളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അലോഷ്യസ് സേവ്യർ.
സംസ്ഥാനത്തെ സീറ്റുകളുടെ കണക്കുകൾ മന്ത്രി അംഗീകരിച്ചു. സമര പോരാട്ടങ്ങളുടെ ഫലമായാണ് സീറ്റ് കുറവുണ്ടെന്ന് സർക്കാർ അംഗീകരിച്ചത്. വർഷം തോറുമുള്ള സീറ്റ് വർധനവ് എന്നതിന് പകരം സ്ഥിരം പരിഹാരം കാണണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ മേഖലയിൽ തന്നെ മലപ്പുറത്ത് അധിക ബാച്ചുകളും ആവശ്യപ്പെട്ടു.