പത്തനംതിട്ട:സംസ്ഥാനത്തെ ഏറ്റവും വലിയ പോക്‌സോ കേസായി മാറിയ ഇലവുംതിട്ട കേസിൽ മൂന്ന് പ്രതികളൊഴികെ എല്ലാവരെയും അഴികൾക്കുള്ളിലാക്കി പൊലീസ്. ഏറ്റവുമൊടുവിൽ ഇലവുംതിട്ട പൊലീസ് നാല് പ്രതികളെ കൂടി അറസ്‌റ്റ് ചെയ്‌തതോടെ ഒരാഴ്‌ചക്കുള്ളിൽ ബഹു ഭൂരിപക്ഷം പ്രതികളെയും ജയിലിലാക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചു. ആകെയുള്ള 59 പ്രതികളിൽ 56 പേരും അറസ്‌റ്റിലായതായി ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു.
അഖിൽ (27), ബിജിത്ത് (23), സൂരജ് (20), രാഹുൽ രാജു (25) എന്നിവരാണ് പുതുതായി അറസ്‌റ്റിലായത്. പത്തനംതിട്ട സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്‌റ്റ് ചെയ്യുന്നതിനുള്ള നിയമ നടപടികൾ പൊലീസ് തുടരുകയാണ്.
ജില്ലയിലെ നാല് സ്‌റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാർഥിനിയുടെ മൊഴി പ്രകാരം രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1എന്നിങ്ങനെയാണ് കണക്ക്. ഇതിൽ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു.
മലയാലപ്പുഴ പൊലീസ് സംഘം രണ്ട് ദിവസം ചെന്നൈയിൽ തങ്ങി, സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ രഹസ്യനീക്കത്തിൽ ഇന്നലെ നാല് പേരെകൂടി കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികളിൽ കൂടുതലും യുവാക്കളും ചെറിയ പ്രായപൂർത്തിയാകാത്തവരുമാണ്. ഒപ്പം പഠിച്ചവരും അതേ സ്‌കൂളിലുള്ളവരും കേസിൽ പ്രതികളാണ്.