കണ്ണൂർ: പുതുച്ചേരിയിലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മാഹി നിയമസഭാ മണ്ഡലത്തിലെ മുഴുവൻ പോളിങ്ങ് ബൂത്തുകളും നിയന്ത്രിക്കുന്നത് വനിതകൾ. വനിതകളെ മാത്രം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച് വിപ്ലവം സൃഷ്‌ടിക്കാൻ പോകുകയാണെന്ന് മാഹി റീജിയണൽ അഡ്‌മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ അറിയിച്ചു. ഏപ്രിൽ 19നാണ് മാഹി ഉൾപ്പെട്ട പുതുച്ചേരി ലോകസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
ഓരോ ബൂത്തിലും പ്രിസൈഡിങ്ങ് ഓഫിസർ, മൂന്നു വീതം പോളിങ്ങ് ഓഫിസർമാർ, എംടിഎസ്, ഒരു വനിത പൊലീസ് എന്നിവർ ഉൾപ്പെടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ മുഴുവൻ തസ്‌തികകളിലും ഇത്തവണ സ്ത്രീകളാണ്. മാഹിയിലെ മുപ്പത്തിയൊന്ന് ബൂത്തുകളിലും ഇത്തവണ വനിതകൾ ജനാധിപത്യ വിധിയെഴുത്തിന് നേതൃത്വം നൽകും.