കാസർകോട്:അപേക്ഷകൾ തയ്യാറാക്കാൻ മാത്രമല്ല ഇനി പങ്കാളിയെ കണ്ടെത്താനും അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം. അതും ഏറ്റവും ചുരുങ്ങിയ ചെലവിൽ. കാസർകോട് ജില്ലാ പഞ്ചായത്തും അക്ഷയയും സംയുക്തമായി "അക്ഷയ മാട്രിമോണി" എന്ന നൂതന ആശയം കൊണ്ടുവരുന്നു.
വരനെയോ വധുവിനിയോ അന്വേഷിച്ച് മറ്റു മാട്രിമോണികളിൽ വലിയ തുക ചെലവാക്കുന്നവർ നിരവധി ഉണ്ട് നമ്മുടെ സമൂഹത്തിൽ. അതിൽ ഭൂരിപക്ഷവും സാധാരണക്കാരാണ്. ഇനി ഇടനിലക്കാരെയോ (ബ്രോക്കർമാർ) സ്വകാര്യ മാട്രിമോണി സൈറ്റുകളെയോ ഇവർക്ക് ആശ്രയിക്കേണ്ടി വരില്ല.
പതിനായിരമോ ലക്ഷങ്ങളോ ചെലവഴിക്കാതെ വിരൽത്തുമ്പിൽ നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയെ കണ്ടെത്താം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതി-യുവാക്കളെ സഹായിക്കാനാണ് അക്ഷയ ജില്ലാ പഞ്ചായത്തിന്‍റെ സഹായത്തോടെ 'അക്ഷയ മാട്രിമോണിയൽ' പോർട്ടൽ തുടങ്ങുന്നതെന്ന് അക്ഷയ ജില്ലാ പ്രോജക്‌ട് മാനേജർ കപിൽ ദേവ് പറഞ്ഞു. കാസർകോട് ആണ് ഇതിന്‍റെ കേന്ദ്രമെങ്കിലും മറ്റു ജില്ലകാർക്കും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും.
സ്ഥിരവരുമാനക്കാർക്ക് ഡിമാൻഡ് ഉള്ള ഈ കാലത്ത് ദിവസ വേതനക്കാർക്കും ഈ പോർട്ടൽ സഹായകരമാകും. ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവർക്കും പെൺകുട്ടികളെ കിട്ടാത്ത പ്രശ്‌നത്തിന് പരിഹാരമായി രണ്ടാംഘട്ടത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. കാസർകോട് ജില്ലയിലേക്ക് കർണാടകയിൽ നിന്നും കൂർഗിൽ നിന്നും ബ്രോക്കർമാരുടെ സഹായത്തിൽ സ്ത്രീകളെ കല്യാണം കഴിച്ചു കൊണ്ടുവരുന്നുണ്ട്.