കോഴിക്കോട്: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഗതാഗത നിയമം ലംഘിച്ച് വാഹനമോടിച്ച സംഭവത്തില്‍ വാഹനത്തെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങി. മാനന്തവാടി ജോയിന്‍റ് ആര്‍ടിഒ മനു പിആര്‍ ആണ് ഉത്തരവിറക്കിയത്. പ്രതി ഉപയോഗിച്ച വാഹനം ഇനി യാതൊരു വിധത്തിലും കൈമാറ്റം ചെയ്യാനോ, രാജ്യത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് കൊണ്ടുപോയി വില്‍പ്പന നടത്താനോ, ഫിറ്റ്നസ് പുതുക്കൽ മറ്റേതെങ്കിലും നടപടികള്‍ എന്നിവക്ക് സാധ്യമല്ലാത്ത വിധത്തിലാണ് കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉത്തരവായിരിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ വാഹനത്തിന് 45,500 രൂപ ഫൈനിട്ട് ആര്‍സി സസ്‌പെന്‍റ് ചെയ്‌ത് ഉത്തരവിറക്കിയിരുന്നു. നമ്പര്‍ പ്ലേറ്റില്ലാതെ ഓടിച്ച വാഹനം ഏറെ പണിപ്പെട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്. കൂടാതെ ഈ വാഹനം പൂര്‍വ്വ സ്ഥിതിയിലാക്കി മലപ്പുറം ആര്‍ടിഒ ഓഫീസില്‍ കാണിക്കാന്‍ നിർദേശം നല്‍കുമെന്നും വാഹനം ഓഫീസില്‍ ഹാജരാക്കാതെ മലപ്പുറം ജില്ലയില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം ഡീറ്റെയിന്‍ ചെയ്യുന്നതിന് മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു.