തിരുവനന്തപുരം/എറണാകുളം :എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുൾപ്പടെ പുറപ്പെടേണ്ട 70 അന്താരാഷ്‌ട്ര, ആഭ്യന്തര വിമാന സർവീസുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് സർവീസുകൾ റദ്ദാക്കാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം.
മുതിർന്ന ക്ര്യൂ അംഗങ്ങൾ കൂട്ടത്തോടെ മെഡിക്കൽ ലീവിൽ പോവുകയായിരുന്നു. സീനിയർ ക്ര്യൂ അംഗങ്ങളില്ലാതെ സർവീസ് നടത്താൻ പാടില്ല എന്നാണ് ചട്ടം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട മസ്‌കറ്റ്, ഷാർജ, ദുബായ്, അബുദാബി സർവീസുകളും നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി, ഷാർജ, മസ്‌കറ്റ്, ദമാം സർവീസുകളും കണ്ണൂരിൽ നിന്നുള്ള അബുദാബി, ഷാർജ, മസ്‌കറ്റ് സർവീസുകളുമാണ് റദ്ദാക്കിയത്. ഇതോടെ വിമാനത്താവളങ്ങളിൽ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതിന് പുറമെ കൊച്ചി വിമാനത്താവളത്തിൽ ഇന്നെത്തേണ്ടിയിരുന്ന നാല് വിമാനങ്ങളും തിരുവനന്തപുരത്ത് എത്തേണ്ട ഒരു വിമാനവും റദ്ദാക്കി. അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ മിന്നൽ പണിമുടക്കാണ് വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമെന്നാണ് വിവരം. കൂടുതൽ എയർ ഇന്ത്യ സർവീസുകൾ മുടങ്ങാൻ സാധ്യതയുണ്ടെന്നാണ് സൂചന.