തിരുവനന്തപുരം:എയർ ഇന്ത്യയുടെ മുംബൈ-തിരുവനന്തപുരം വിമാനത്തിലെ ബോംബ് ഭീഷണി വ്യാജം. ഇതോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചതായി അധികൃതർ അറിയിച്ചു. വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും പരിശോധിച്ചെന്നും വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന പൂർത്തിയാക്കിയെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് നിന്ന് ഇന്ന് (ഓഗസ്‌റ്റ് 22) രാത്രി 8:15 ന് മുംബൈയിലേക്ക് തിരികെ പോകേണ്ടിയിരുന്ന വിമാനം റദാക്കിയെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാര്‍ക്കായി രാത്രി 9ന് പകരം വിമാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളത്തിലെ ശുചിമുറിയിൽ "ബോംബ് ഇൻ ഫ്ലൈറ്റ്" എന്ന് ടിഷ്യു പേപ്പറിൽ എഴുതിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്തിന്‍റെ പൈലറ്റാണ് ബോംബ് ഭീഷണിയുടെ വിവരം എയർ ട്രാഫിക് കണ്ട്രോളിൽ അറിയിക്കുന്നത്. പിന്നാലെ രാവിലെ 8:15 ന് ലാൻഡ് ചെയ്യേണ്ട വിമാനം 7:50 ന് അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.