കണ്ണൂർ: നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന രൂക്ഷ വിമര്‍ശനം ഉയരുന്നു. വിഷയത്തില്‍ എംഎല്‍എ കെ കെ രമയാണ് വിമര്‍ശനം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യം തള്ളിയിരുന്നു, ഇതിനുപിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. പത്തനംതിട്ടയിലെ സിപിഎം നിലപാടിന് വിരുദ്ധമാണ് വിഷയത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് എന്നാണ് വിമര്‍ശനം.
സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്ന് പറഞ്ഞ എംവി ഗോവിന്ദൻ, സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും കുടുംബത്തിന്‍റെ ആവശ്യത്തോട് യോജിപ്പില്ലെന്നും പ്രതികരിച്ചിരുന്നു. അതേസമയം, പാർട്ടി നവീൻ്റെ കുടുംബത്തിന് ഒപ്പമാണെന്നും എം വി ഗോവിന്ദൻ ആവർത്തിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യ 11-ാം ദിവസം പുറത്തിറങ്ങിയപ്പോള്‍ പാർട്ടിയിൽ നിന്ന് താത്കാലികമായി പുറത്താക്കുകയാണ് ചെയ്‌തത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒറ്റ രാത്രി കൊണ്ടാണ് ദിവ്യയെ സിപിഎം നീക്കിയത്. ഉപതെരഞ്ഞെടുപ്പ് മുന്നിലുള്ളപ്പോഴാായിരുന്നു സിപിഎമ്മിന്‍റെ നീക്കമുണ്ടായത്.
എങ്കിലും, പാർട്ടി കേഡർ എന്ന നിലയിൽ സിപിഎം പൂർണമായും ദിവ്യയെ തള്ളാനിടയില്ല എന്നതിന്‍റെ സൂചന അന്ന് തന്നെ പുറത്ത് വന്നിരുന്നു. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഭാര്യയും മഹിള അസോസിയേഷൻ നേതാവും ആയ പികെ ശ്യാമള ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ ദിവ്യയെ ജയിലിൽ സന്ദർശിച്ചു. കൂടാതെ ഷാജർ ഉൾപ്പടെ ഉള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങളും ദിവ്യ പുറത്തിറങ്ങുമ്പോൾ ജയിലിൽ എത്തിയിരുന്നു.
തലശേരി ജില്ലാ കോടതിയിൽ കേസ് നടക്കുമ്പോൾ പോലും ദിവ്യക്ക് വേണ്ടി ഹാജരായത് ഉന്നത സിപിഎം നേതാവ് ആയിരുന്ന അഭിഭാഷകൻ അഡ്വ കെ വിശ്വൻ ആയിരുന്നു. എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചാണ് ദിവ്യയുടെ അഭിഭാഷകൻ അന്ന് വാദം മുന്നോട്ട് കൊണ്ട് പോയത്.