കാട്ടാന ശല്യത്തിൽ പ്രതിഷേധിച്ച് ആദിവാസി കുടുംബങ്ങൾ (ETV Bharat) ഇടുക്കി: അടിമാലിയില്‍ കാട്ടാന ശല്യം രൂക്ഷമായതിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ആദിവാസി കുടുംബങ്ങള്‍. വാളറ, കുളമാംകുഴി, കമ്പിലൈന്‍, കാഞ്ഞിരവേലി എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കാട്ടാന ശല്യം തടയാന്‍ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട സംഘം കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിച്ചു.
ഉപരോധത്തിന് മുന്നോടിയായി കുടുംബങ്ങള്‍ പ്രതിഷേധ പ്രകടനവും നടത്തി. അടിമാലി ഗ്രാമപഞ്ചായത്ത് അംഗം ദീപ രാജീവാണ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തത്. വാളറ, കുളമാംകുഴി, കമ്പിലൈന്‍, കാഞ്ഞിരവേലി എന്നിവിടങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമാകുന്നത്.
ജനവാസ മേഖലയില്‍ നിന്നും കാട്ടാനകള്‍ പിന്‍വാങ്ങാത്ത സ്ഥിതിയാണെന്നാണ് ആദിവാസി കുടുംബങ്ങളുടെ പരാതി. രാപ്പകല്‍ വ്യത്യാസമില്ലാതെ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യമാണുള്ളത്. കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ഫെന്‍സിങ് ഉള്‍പ്പെടെയുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ തുടര്‍ സമരങ്ങളുമായി രംഗത്തെത്തുമെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി.
Also Read:കബാലി ആംബുലൻസ് തടഞ്ഞു ; ഭീതിയിൽ പ്രദേശവാസികൾ