തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് റാംമാധവുമായി ക്രമസമാധാന ചുതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ കൂടുതല്‍ പേര്‍ ഒപ്പമുണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കോവളത്ത് ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച കോണ്‍ക്ലേവിനെത്തിയതായിരുന്നു റാംമാധവ്.
ഇതിനിടെയാണ് അദ്ദേഹം താമസിച്ചിരുന്ന കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തി എഡിജിപി എംആര്‍ അജിത് കുമാര്‍ റാം മാധവുമായി കൂടിക്കാഴ്‌ച നടത്തിയത്. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി തൃശൂരില്‍ വച്ച് അജിത് കുമാര്‍ ചര്‍ച്ച നടത്തി 10 ദിവസങ്ങള്‍ക്കുള്ളിലായിരുന്നു റാം മാധവുമായി കൂടിക്കാഴ്‌ച.
10 ദിവസത്തിനിടയില്‍ രണ്ട് ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി ചര്‍ച്ച നടത്തിയതിൻ്റെ ഉദ്ദേശ്യം ഇപ്പോഴും ദുരൂഹമാണ്. അതിനിടെ കോവളത്തെ കൂടിക്കാഴ്‌ചയില്‍ എഡിജിപിക്കൊപ്പം രണ്ട് വ്യവസായികളും ഒപ്പമുണ്ടായിരുന്നു എന്ന വിവരവും പുറത്തു വന്നു. എന്നാല്‍ വ്യവസായികള്‍ ആരായിരുന്നു എന്ന വിവരം പുറത്തു വന്നിട്ടില്ല. ചെന്നൈ കേന്ദ്രീകരിച്ചുള്ളവരായിരുന്നു വ്യവസായികള്‍ എന്നാണ് വിവരം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്തിനായിരുന്നു വ്യവസായികളുമൊത്ത് അജിത് കുമാര്‍ കൂടിക്കാഴ്‌ച നടത്തിയതെന്നതോ റാം മാധവിനെ കണ്ടതിൻ്റെ ഉദ്ദേശ്യമോ ഇതുവരെ വ്യക്തമായിട്ടില്ല. ആര്‍ക്കുവേണ്ടിയായിരുന്നു കൂടിക്കാഴ്‌ചയെന്നതും ഇപ്പോഴും ദൂരൂഹമാണ്. എന്നാല്‍ പത്ത് ദിവസത്തെ ഇടവേളയ്ക്കിടെ രണ്ട് ആര്‍എസ്എസ് നേതാക്കളെ സംസ്ഥാനത്തെ മുതിര്‍ന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ കണ്ടതിനെ തികച്ചും വ്യക്തിപരം എന്ന വിശദീകരണത്തിലൊതുക്കാന്‍ സാധ്യമല്ലെന്ന് വ്യക്തമാണ്.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ ശശിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ പ്രത്യേകിച്ചും. ഇതു സംബന്ധിച്ച് വിശദീകരിക്കേണ്ട മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും എഡിജിപിയും ഒരക്ഷരം ഇതുവരെ മാധ്യമങ്ങളോടുരിയാടിയിട്ടുമില്ല. 2023 മെയ് 20 നും 22 നുമിടയിലാണ് എംആര്‍ അജിത് കുമാര്‍ തൃശൂരിലെത്തി ദത്താത്രേയ ഹൊസബെലയെ കണ്ടത്. കൂടിക്കാഴ്‌ച ഒരു മണിക്കൂറോളം നീണ്ടു നിന്നതായാണ് വിവരം.
അതേസമയം റാം മാധവുമായുള്ള കൂടിക്കാഴ്‌ച വെറും 10 മിനിട്ട് മാത്രമായിരുന്നു. ദത്താത്രേയ ഹൊസബെലയുടെ നിര്‍ദേശ പ്രകാരമായിരുന്നോ റാംമാധവുമായുള്ള കൂടിക്കാഴ്‌ചയെന്നതും ദുരൂഹമാണ്. എഡിജിപിയുടെ ഔദ്യോഗിക വാഹനം തൃശൂരിലെ ഒരു സ്വകാര്യ പഞ്ച നക്ഷത്ര ഹോട്ടലില്‍ പാര്‍ക്ക് ചെയ്‌ത ശേഷം തിരുവനന്തപുരത്തെ ഒരു ആര്‍എസ്എസ് നേതാവിൻ്റെ കാറിലായിരുന്നു ദത്താത്രേയ ഹൊസബെലയെ കാണാന്‍ പോയതെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിൻ്റെ തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ആര്‍എസ്എസിൻ്റെ പോഷക സംഘടനയായ വിജ്ഞാന്‍ ഭാരതിയുടെ തിരുവനന്തപുരം സ്വദേശിയായ ജയകുമാര്‍ ഓടിച്ച വാഹനത്തിലായിരുന്നു അജിത് കുമാറിൻ്റെ യാത്രയെന്ന വിവരവും ഇതിനകം പുറത്തു വന്നിരുന്നു.
Also Read:'എഡിജിപി മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതന്‍, സിപിഎമ്മും ബിജെപിയും ചേര്‍ന്ന് ഹിന്ദുക്കളെ കബളിപ്പിച്ചു': വിഡി സതീശന്‍