എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നീതി തേടി അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണം വേണം. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും അതിനായി സമഗ്ര അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയെ സമീപിക്കുന്നത് എന്ന് കത്തിലുണ്ട്. സമഗ്ര അന്വേഷണത്തിന് രാഷ്ട്രപതി നിർദേശം നൽകണമെന്നാണ് ആവശ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ ഈ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. എന്നാൽ ഈ കുറ്റകൃത്യം ചെയ്‌ത ആളുകളെ കണ്ടെത്തുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ കോടതികളുടെ ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിൽ കൂടിയാണ് നടി പരാതിയുമായി രാഷ്ട്രപതിക്ക് കത്തയച്ചത്.
മെമ്മറി കാർഡ് പുറത്തുപോയാൽ സ്വകാര്യത ഹനിക്കപ്പെടുമെന്നും തന്‍റെ ജീവിതത്തെ ബാധിക്കുമെന്നും ഈ വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നുമാണ് നടിയുടെ ആവശ്യം. നടിയെ ആക്രമിച്ച കേസിൽ അന്തിമ വിചാരണ ആരംഭിക്കാനിരിക്കെയാണ് നടി രാഷ്ട്രപതിക്ക് കത്തയച്ചത്.
Also Read:നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധിച്ച സംഭവം, അതിജീവിതയുടെ ഹര്‍ജി തള്ളി