എറണാകുളം: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി തീർപ്പാക്കി. ജയസൂര്യയ്‌ക്കെതിരെ ഉള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിക്കൊണ്ടാണ് ഹർജികൾ കോടതി തീർപ്പാക്കിയത്. കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത ലൈംഗിക പീഡനക്കേസുകളിൽ മുൻകൂർ ജാമ്യമാവശ്യപ്പെട്ടാണ് ജയസൂര്യ ഹൈക്കോടതിയെ സമീപിച്ചത്.
പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തീയതികളിലടക്കം വൈരുദ്ധ്യമുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നത് കൂടി പരിഗണിച്ച് മുൻകൂർ ജാമ്യം നൽകണമെന്നായിരുന്നു ജയസൂര്യയുടെ ആവശ്യം. കൂടാതെ തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമെന്നും, കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെയാണ് കേസെടുത്തത്, പരാതിക്കാരിയുടേത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണെന്നും ജയസൂര്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.