തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനുമായുള്ള നടുറോഡിലെ തർക്കത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി. യദുവിനെ ജോലിയിൽ നിന്ന് താത്കാലികമായി മാറ്റി നിർത്തിയതായി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ വിജിലൻസ് എ ഷാജി ഇടിവി ഭാരതിനോട് പറഞ്ഞു.
മേയറുടെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് യദുവിനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ബദലി ജീവനക്കാരനാണ് ഡ്രൈവറായ യദു. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമല്ല, കെഎസ്ആർടിസി ഡ്രൈവർ ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്‌തതാണ് എന്ന് ആര്യ രാജേന്ദ്രൻ ആരോപിച്ചു. യദു ലഹരി ഉപയോഗിച്ചിരുന്നു എന്നും ആര്യ ആരോപണം ഉന്നയിച്ചു.
ഈ ആരോപണങ്ങൾ തള്ളി യദുവും രംഗത്തെത്തിയിരുന്നു. ലൈംഗിക ചേഷ്‌ഠ കാണിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയത് മേയറാണെന്നും യദു പറഞ്ഞു. ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും യദു പറഞ്ഞു. മാത്രമല്ല മെഡിക്കൽ പരിശോധനയിലും യദു ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നില്ല.
Also Read :മേയറുടെ വാദം പൊളിയുന്നു, കെഎസ്ആർടിസി ബസിനെ പിന്തുടർന്ന് തടയുന്ന സിസിടിവി ദൃശ്യം പുറത്ത് - Arya Rajendran Controversy