പത്തനംതിട്ട:മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച ബന്ധു അറസ്റ്റില്‍. ആറന്മുളയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പിൽ വീട്ടിൽ വർഗീസ് മാത്യുവിനാണ് (38) മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ വര്‍ഗീസിന്‍റെ അമ്മാവന്‍ പുതുപറമ്പിൽ വീട്ടിൽ ബിജു വർഗീസാണ് (55) ആറന്മുള പൊലീസിന്‍റെ പിടിയിലായത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം.വര്‍ഗീസും അമ്മാവന്‍ ബിജുവും എല്ലാ ദിവസവും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടായിരുന്നു. പതിവു പോലെ ഇന്നലെ (ഫെബ്രുവരി 17) രാത്രിയും രണ്ടുപേരും ചേർന്നിരുന്നു മദ്യപിച്ചു. മദ്യപാനത്തിനിടെ വാക്കുതർക്കം ഉണ്ടായപ്പോൾ രാത്രി 10.30ന് ബിജു വർഗീസ് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വർഗീസിൻ്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു.
വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളിലും ആസിഡ് വീണ് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കണ്ണ് കാണാൻ കഴിയാത്ത നിലയിലാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ് വര്‍ഗീസ്.
വിവരമറിഞ്ഞ് ആറന്മുള പൊലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. തുടർന്ന്, വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു കുപ്പി ആസിഡ് പൊലീസ് കണ്ടെത്തി. മുമ്പും ബിജുവിന്‍റെ ഭാഗത്ത് നിന്നും ആക്രമണം മകന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വർഗീസിൻ്റെ അമ്മ ആലീസ് പൊലീസിനോട് പറഞ്ഞു.