എറണാകുളം:മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ വൈകുന്നത് ചോദ്യം ചെയ്‌തുള്ള ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. റിപ്പോർട്ട് നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് നിർദേശം നൽകിയത്. അഭിമന്യുവിൻ്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. കേസ് വീണ്ടും ജനുവരി 17ന് പരിഗണിക്കും.
2018 ജൂലൈ 2 നായിരുന്നു മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു പിഎഫ്ഐ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാൽ കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ നിലനിന്നിരുന്ന തർക്കത്തിന് പിന്നാലെ അഭിമന്യുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.
കുറ്റപത്രം നൽകി ആറ് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിമന്യൂവിന്‍റെ അമ്മ ഭൂപതി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഹൈക്കോടതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വിചാരണ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.