എസ്എഫ്ഐയ്ക്കെതിരെ പ്രസ്‌താവന; "ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല": ബിനോയ് വിശ്വത്തിനെ വിമര്‍ശിച്ച് എ എ റഹീം (Etv Bharat) തിരുവനന്തപുരം :സിപിഐക്കെതിരെ പരസ്യ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹീം. എസ്‌എഫ്ഐയെ വിമര്‍ശിച്ചുള്ള ബിനോയ് വിശ്വത്തിന്‍റെ പരസ്യ പ്രതികരണം സ്ഥാനത്തിന് ചേര്‍ന്ന പ്രസ്‌താവനയാണോ എന്ന് അദ്ദേഹം പരിശോധിക്കണമെന്നായിരുന്നു എ എ റഹീം എംപിയുടെ പ്രതികരണം.
ഇടതുപക്ഷ ഐക്യം തിരിച്ചറിയണമെന്നും വസ്‌തുതാപരമായ കാര്യങ്ങള്‍ അല്ല പറയുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബിനോയ് വിശ്വം വേറൊരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താം. ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെുത്തുന്ന ഏറ്റുമുട്ടലിലേക്ക് അത് പോകണം എന്ന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം.
അദ്ദേഹമിരിക്കുന്ന ഏറ്റവും ഉയര്‍ന്ന പദവിക്ക് യോജിച്ചതാണോ അത്തരമൊരു പ്രതികരണമെന്ന് പരിശോധിക്കണം. ഇത് ആദ്യമായിട്ടല്ല വ്യത്യസ്‌ത അഭിപ്രായം രേഖപ്പെടുത്തുന്നത്. ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് അവസരം കൊടുക്കുന്ന തരത്തിലുള്ള പ്രതികരണത്തിന് ആഗ്രഹിക്കുന്നില്ലെന്നും എ എ റഹീം പറഞ്ഞു.
അദ്ദേഹത്തെ തിരുത്തുക എന്നതിനപ്പുറത്തേക്ക് ഇടതുപക്ഷ ഐക്യത്തിന് വലിയ പ്രാധാന്യം ഇന്നത്തെ ഇന്ത്യയുടെ സാഹചര്യത്തിലുണ്ടെന്ന് ഡിവൈഎഫ്ഐ കരുതുന്നു. അത് അദ്ദേഹവും മനസിലാക്കണം. ശക്തമായി മറുപടി പറയാന്‍ ഡിവൈഎഫ്‌ഐക്ക് അറിയാം. ഏറ്റുമുട്ടല്‍ ഡിവൈഎഫ്‌ഐ ആഗ്രഹിക്കുന്നില്ലെന്നും എ എ റഹീം എംപി വ്യക്തമാക്കി.
Also Read: 'എസ്എഫ്ഐയും സിപിഎമ്മും വഴിയിൽ കെട്ടിയ ചെണ്ടയല്ല'; ബിനോയ് വിശ്വത്തിന് മറുപടിയുമായി എകെ ബാലന്‍