കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ തൊട്ടടുത്ത സ്‌കൂളിലെ വിദ്യാർഥികൾ മർദിച്ച കേസിൽ നടപടിയെടുക്കാതെ പൊലീസ്. ദേവഗിരി സേവിയോ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്രൂര മർദനത്തിനിരയായത്.
നിസാര കാരണത്തെ തുടർന്നുണ്ടായ വഴക്കിൽ മെഡിക്കല്‍ കോളേജ് കാമ്പസിലെ കുട്ടികളാണ് ഒൻപതാം ക്ലാസുകാരനെ മർദിച്ചത്. എന്നാൽ സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസിന്‍റെ ഭാഗത്തു നിന്നും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. കോവൂർ സ്വദേശിയായ സേവിയോ സ്‌കൂളിലെ 14 കാരനെ മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്‌കൂളിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി മർദിക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാർത്ഥിയുടെ രണ്ടു കണ്ണിനു താഴെയും സാരമായ പരുക്കേറ്റു.
തന്നെ ആക്രമിച്ച വിദ്യാർഥികൾ തന്‍റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്‌തതിനാണ് തന്നെയും മർദിച്ചതെന്ന് ഒൻപതാം ക്ലാസുകാരൻ പറയുന്നു. ഇരു സ്‌കൂളുകളിലെയും വിദ്യാർഥികൾ തമ്മിൽ പ്രശ്‌നങ്ങൾ പതിവാണ്. ഇതിന്‍റെ തുടർച്ചയാണ് ഇപ്പോഴുണ്ടായ സംഭവം. മർദനത്തിൽ സാരമായി പരുക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികില്‍സ തേടിയിരുന്നു.