ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയിൽ ആഭ്യന്തര യുദ്ധമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ആർഎസ്എസ്-ബിജെപി, നരേന്ദ്ര മോദി, അമിത് ഷാ എന്നിവരിൽ നിന്ന് ഇന്ത്യ ഭീഷണി നേരിടുന്നുവെന്ന ഖാര്‍ഗെയുടെ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും ഗിരിരാജ് സിങ് കടന്നാക്രമിച്ചു. "രാജ്യം ഒരു ഭീഷണി നേരിടുകയാണെങ്കിൽ, അതു ഇന്ത്യയിൽ ആഭ്യന്തര യുദ്ധം ഉണ്ടാകാൻ ആഗ്രഹിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്നാണ്. രാജ്യത്തിനകത്ത് അശാന്തി സൃഷ്‌ടിക്കാനാണ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അശാന്തി സൃഷ്‌ടിക്കുന്നതിലൂടെ, അവർ ഇന്ത്യയിൽ ആഭ്യന്തര യുദ്ധത്തിന് ആക്കം കൂട്ടാൻ മാത്രമല്ല, ആഭ്യന്തര യുദ്ധത്തിലൂടെ ഇന്ത്യയെ നശിപ്പിക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ രാജ്യത്തെ യുവാക്കള്‍ കോണ്‍ഗ്രസിന്‍റെയും ഖാര്‍ഗെ സാബിന്‍റേയും നയങ്ങള്‍ മനസിലാക്കിയതിനാല്‍ അവരുടെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടില്ല"- ഗിരിരാജ് സിങ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്‌ട്രയിലെ ഒരു റാലിയ്‌ക്കിടെയാണ് ഖാര്‍ഗെ ബിജെപിയേയും മോദിയേയും അമിത് ഷായേയും കടന്നാക്രമിച്ചത്. "ഇക്കാലത്ത് ബിജെപി പുതിയ മുദ്രാവാക്യങ്ങളുമായി വരുന്നു, രാജ്യത്ത് എന്തെങ്കിലും അപകടമുണ്ടോ എന്ന് ഞാന്‍ ചോദിക്കുകയാണ്.
രാജ്യം അപകടത്തിലാണെങ്കിൽ അത് ബിജെപി-ആർഎസ്എസിൽ നിന്നാണ്. കാരണം, രാവിലെ മുതൽ വൈകുന്നേരം വരെ വിഭജനത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും സംസാരിക്കുന്ന ആളുകളാണവര്‍. രാജ്യത്തെ ഒരുമയോടെ നിലനിർത്താനാണ് ഞങ്ങൾ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. രാജ്യത്തെ ഒരുമയോടെ നിലനിർത്തിയതിനാണ് ഇന്ദിര ഗാന്ധി രക്തസാക്ഷിയായത്"- എന്നായിരുന്നു ഖാര്‍ഗെ പറഞ്ഞത്.
ALSO READ: 'മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യത, ഇന്ത്യയിലേക്ക് ലോകം ഉറ്റുനോക്കുന്നു'; ആര്‍എസ്‌എസ് തലവൻ
അതേസമയം നവംബര്‍ 20-നാണ് മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 288 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. കഴിഞ്ഞ തവണ ഏറെ രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് വേദിയായ സംസ്ഥാനമാണ് മഹാരാഷ്‌ട്ര. ഇക്കാരണത്താല്‍ തന്നെ രാജ്യം ഏറെ ഉറ്റുനോക്കുന്ന സംസ്ഥാനം കൂടിയാണിത്.