കണ്ണൂര്‍ : ഇന്ന് സെപ്‌റ്റംബർ 8, ഗ്രാന്‍റ് പാരന്‍റ്സ് ഡേ. ഇന്നത്തെ ദിവസം നമ്മുടെ മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കും വേണ്ടി മാറ്റിവച്ചാലോ? നമ്മുടെ വീട്ടിൽ മുത്തശ്ശിയും മുത്തശ്ശനുമാെക്കെ ഉണ്ടെങ്കിൽ നല്ല രസമല്ലേ? അവർ പറയുന്ന കഥകളൊക്കെ കേട്ടിരിക്കാം. സ്‌കൂൾ കഴിഞ്ഞ് വരുമ്പോ മടിയിലിരുത്തി പാട്ടൊക്കെ പാടിതരുന്ന മുത്തശ്ശിമാരുണ്ടെങ്കിൽ അതൊരു ഭാഗ്യമാണ്. എന്നാൽ ആരോരുമില്ലാതെ കഴിയുന്ന അനേകം മുത്തശ്ശിമാരും നമ്മുടെ സമൂഹത്തിലുണ്ട്. അവരെ ചേർത്തുപിടിക്കുന്നൊരു ഇടമുണ്ട് നമ്മുടെ കണ്ണൂരില്‍. അതാണ് സ്‌നേഹക്കൂട്.
ധര്‍മ്മടം, മീത്തലെ പീടികയിലാണ് സ്‌നേഹക്കൂട് സ്ഥിതി ചെയ്യുന്നത്. വൃദ്ധ സദനം എന്ന് കേട്ടാല്‍ ഭയവും വെറുപ്പുമുള്ള അവസ്ഥയില്‍ നിന്നും മാറി ചിന്തിക്കുന്ന ടെലിച്ചറി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് നടത്തുന്ന സ്‌നേഹക്കൂട് പതിവ് വയോജന കേന്ദ്രത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. വാര്‍ധക്യത്തില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ താവളം എന്ന മനോഭാവം സ്‌നേഹക്കൂടിനില്ല.
കൂട്ടുകുടുംബത്തിന്‍റെ തകര്‍ച്ചയും അണുകുടുംബത്തിന്‍റെ ആഗമനവും ഒന്നും ഇവിടെ ആരേയും അലട്ടുന്നില്ല. ആരോരുമില്ലാത്ത അമ്മമാര്‍ക്ക് സുരക്ഷിത സ്ഥാനമായി മാറിയിരിക്കുകയാണ് സ്‌നേഹക്കൂട് എന്ന അഭയ കേന്ദ്രം. അഭയം തേടി എത്തിയവരെന്ന മനോഭാവമില്ലാതെ സ്‌നേഹക്കൂട്ടിലെ ജീവനക്കാര്‍ക്കൊപ്പം പാട്ടുപാടിയും തമാശ പറഞ്ഞും ഒരു കുടുംബം പോലെ എല്ലാവരും കഴിയുന്നു.
എഴുപത്തിയഞ്ച് കഴിഞ്ഞ ശാന്തയും നളിനിയും എല്ലാം മറന്ന് പാടുകയാണ്. പഴംപാട്ടുകള്‍ പാടുമ്പോള്‍ ആസ്വദിക്കാനായി മറ്റ് അമ്മമാരും കൂടുന്നു. ഇരു നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്‌നേഹക്കൂടില്‍ പതിനഞ്ച് അമ്മമാരാണ് കഴിയുന്നത്. പ്രായമായവരെ ഉപേക്ഷിക്കുകയോ ദേവാലയ നടയില്‍ തള്ളുകയോ ചെയ്യുന്ന ഇക്കാലത്ത് സ്‌നേഹത്തിന്‍റെയും കരുതലിന്‍റെയും ശക്തി പകരുകയാണ് സ്‌നേഹക്കൂടിന്‍റെ സംഘാടകര്‍. വയോധികരായ അമ്മമാര്‍ക്ക് സുരക്ഷിതരായി പാര്‍ക്കാന്‍ ഇതുപോലുളള സംരംഭങ്ങള്‍ അപൂര്‍വമാണ്. അമ്മമാരുടെ അഭയകേന്ദ്രം എന്ന നിലയില്‍ തലശ്ശേരിക്കടുത്ത കുട്ടിമാക്കൂലില്‍ വാടകകെട്ടിടത്തിലായിരുന്നു സ്‌നേഹക്കൂടിന്‍റെ തുടക്കം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും