തിരുവനന്തപുരം: മല്ലിക സുകുമാരന്‍റെ സിനിമ ജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിച്ച് തലസ്ഥാനം. തമ്പാനൂർ അപ്പോളോ ഡിമോറ ഹോട്ടലിൽ വച്ച് നടന്ന പരിപാടി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. ഉത്തരായനം, സ്വയംവരം എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച രണ്ട് ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയെന്ന നിലയിൽ മല്ലിക സുകുമാരനെ ഒരിക്കലും മറക്കാനാകില്ലെന്നും, പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട വ്യക്തിയാണ് മല്ലികയെന്നും, തനിക്ക് ശരിയെന്ന് തോന്നുന്നത് ധൈര്യമായി ചെയ്‌തെന്നും മന്ത്രി പറഞ്ഞു. മല്ലിക സുകുമാരന് ഇനിയും നല്ല രീതിയിൽ മുന്നേറാൻ കഴിയട്ടേയെന്നും മന്ത്രി ആശംസിച്ചു.
ദുർഘടകരമായ അവസ്ഥ മറികടക്കാൻ കൂടെ നിന്ന സഹോദരങ്ങൾ, മറ്റു കുടുംബാംഗങ്ങൾ, മക്കൾ എന്നിവരുടെ പിന്തുണയും, സിനിമാ മേഖലയിലെ സഹായവും മറക്കാനാകാത്തതാണെന്ന് പരിപാടിയിൽ സംസാരിക്കവെ മല്ലിക പറഞ്ഞു. അന്‍പതാം വാർഷികം ആഘോഷിക്കുക എന്നത് സുഹൃത് സംഘത്തിന്‍റെ താൽപര്യമായിരുന്നു. അത് എല്ലാവരും ഏറ്റെടുത്തതായും എല്ലാവരെയും നന്ദിപൂർവ്വം സ്‌മരിക്കുന്നതായും മല്ലിക സുകുമാരൻ പറഞ്ഞു. മക്കളും നടൻമാരുമായ ഇന്ദ്രജിത്ത് സുകുമാരനും, പൃഥ്വിരാജ് സുകുമാരനും അമ്മയുടെ ജീവിതത്തിലെ ആപത്ഘട്ടങ്ങളെക്കുറിച്ച് സ്‌മരിച്ചപ്പോൾ മൂവരും കണ്ണീരണിഞ്ഞു.