തൃശൂർ : ഇന്ന് ഓണത്തിന് മുൻപുള്ള അവസാന ഞായറാഴ്‌ച, അതായത് ചിങ്ങമാസത്തിലെ ചോതി നക്ഷത്രം വരുന്ന ദിവസം. ഇന്നത്തെ ദിവസം വിവാഹങ്ങൾ നടത്താൻ നല്ല ദിവസമാണെന്ന് പറയപ്പെടുന്നു.
അതുകൊണ്ട് തന്നെ ഇന്ന് ഗുരുവയൂർ അമ്പലത്തിൽ 356 വിവാഹങ്ങളാണ് നടക്കുന്നത്. ഞായറാഴ്‌ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താലികെട്ട് നടക്കുന്നതിന് തൊട്ടുമുമ്പ് വരെ വിവാഹം ശീട്ടാക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ താലികെട്ട് ആരംഭിച്ചു.
താലികെട്ടിനായി ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മണ്ഡപങ്ങളെല്ലാം ഒരു പോലെ അലങ്കരിച്ചു. വരനും വധുവുമടങ്ങുന്ന വിവാഹസംഘം തെക്കേ നടയിലെ പട്ടർകുളത്തിനോട് ചേര്‍ന്നുള്ള താത്‌കാലിക പന്തലിലെ കൗണ്ടറില്‍ നിന്ന് ടോക്കണ്‍ വാങ്ങണം താലികെട്ട് ചടങ്ങിന്‍റെ ഊഴമെത്തുമ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും.