കടലുണ്ടി ട്രെയിൻ അപകടത്തിന്‍റെ 23 വർഷം (ETV Bharat) കോഴിക്കോട് :ജീവിതത്തിൽ ചില ദിനങ്ങളൊക്കെ പലർക്കും മറക്കാൻ പറ്റാത്ത ഓർമകളുള്ള ദിനങ്ങളായി മാറും. മരണം വരെ ആ ദിനങ്ങൾ അങ്ങനെ തന്നെയാകും. കോഴിക്കോട് ഒളവണ്ണയിലും ജൂൺ 22ആം തീയതി മറക്കാത്ത അനുഭവമായ ഒരാളുണ്ട്. രക്ഷാപ്രവർത്തകനായ നാഗത്തും പാഠം മഠത്തിൽ അസീസിനാണ് ജൂൺ 22 ആം തീയതി ഒരിക്കലും മറക്കാത്ത ദിനമായത്. കടലുണ്ടി ട്രെയിൻ അപകടം നടന്ന ജൂൺ 22 ആം തീയതി ഇന്നും അബ്‌ദുൽ അസീസ് ഇന്നലെ കഴിഞ്ഞതുപോലെ ഓർത്തുവയ്ക്കുന്നുണ്ട്.
2001 ജൂൺ 22 ന് രാമനാട്ടുകരയിൽ സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിന് പന്തൽ ഇടുമ്പോഴാണ് തൊട്ടടുത്ത വീട്ടിൽ ആ ഫോൺ വിളിയെത്തുന്നത്. കടലുണ്ടിയിൽ ട്രെയിൻ പുഴയിലേക്ക് മറിയുകയും നിരവധിപേർ വെള്ളത്തിൽ മുങ്ങി എന്ന വിളി. ഉടൻതന്നെ അസീസിന്‍റെ മനസിലെ രക്ഷാപ്രവർത്തകനുണർന്നു. ഒട്ടും വൈകാതെ കടലുണ്ടിയിലേക്ക് കുതിച്ചു. അവിടെയെത്തിയപ്പോൾ ആരുടെയും കരളലിയിപ്പിക്കുന്ന കാഴ്‌ചയാണ് അസീസും കണ്ടത്. വെള്ളത്തിലേക്ക് മുങ്ങിത്താഴുന്ന ട്രെയിനിന്‍റെ ബോഗികളിലെ മനുഷ്യജീവനുകൾ.
ഉടൻതന്നെ കിട്ടിയ ആയുധങ്ങളുമായി വെള്ളത്തിലേക്ക് എടുത്തുചാടി. രക്ഷിക്കാൻ പറ്റുന്ന 15 പേരെ മറ്റുള്ളവരുടെ സഹായത്തോടെ പുറത്തെത്തിച്ചു. 28 ഓളം മൃതദേഹങ്ങളും ബോഗികളിൽ നിന്ന് പുറത്തുകൊണ്ടുവന്നു. പതിനേഴാം വയസിൽ തോട്ടിൽ മുങ്ങി മരിച്ച ഒരു കൊച്ചു കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്താണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. അതിനുശേഷം നിരവധി രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. അതിനിടയിൽ കഴിഞ്ഞയാഴ്‌ച പനവീണ് മരിച്ച വൃദ്ധയുടെ വീടിനു മുകളിൽ വീണ മരം നീക്കുമ്പോൾ മരക്കൊമ്പ് ദേഹത്ത് തട്ടിയും വാരിയെല്ലുകൾ ക്ക് ക്ഷതം സംഭവിച്ച് വിശ്രമത്തിലാണ് അബ്‌ദുൽ അസീസ്.
നിരവധി ചെറുതും വലുതുമായ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിലും കടലുണ്ടിയിലെ ട്രെയിൻ ദുരന്തത്തിന്‍റെ 23 വർഷം പിന്നിടുന്ന ഈ ദിവസവും അസീസിന് ഒരു പ്രാർഥനയേയുള്ളൂ. ജീവിതത്തിൽ ഇനിയൊരിക്കലും ഇതുപോലൊരുദുരന്തം ഉണ്ടാവരുതേ എന്ന്. വെള്ളത്തിൽ മുങ്ങുന്ന ബോഗികളിൽ നിന്ന് ജീവനുള്ളമനുഷ്യർ രക്ഷക്കുവേണ്ടി കൈമാടി വിളിക്കുന്ന ആ കാഴ്‌ച ഇന്നും അസീസിന്‍റെ മനസിൽ നോവായി നിൽക്കുന്നുണ്ട്.
Also Read : പശ്ചിമ ബംഗാൾ ട്രെയിൻ അപകടം: ഗുഡ്‌സ് ട്രെയിൻ വേഗപരിധി ലംഘിച്ചതിൽ അന്വേഷണം - Inquiry in Kanchanjunga Accident