കേരളം

kerala

ETV Bharat / state

ഇഞ്ചോടിഞ്ചില്‍ കോഴിക്കോട്: പ്രധാന പോരാട്ടം സിറ്റിങ് എംപിമാർ തമ്മിൽ - Kozhikkode Loksabha Constituency

2024 LOKSABHA ELECTION KOZHIKKODE CONSTITUENCY | മൂന്ന് തവണ കോഴിക്കോട്ട് നിന്നും വിജയിച്ച എംകെ രാഘവനും കോഴിക്കോടിന്‍റെ മുക്കും മൂലയും അറിയുന്ന തൊഴിലാളി നേതാവായ എളമരം കരീമും കോഴിക്കോടിന് ഒരുപോലെ പ്രിയപ്പെട്ടവരാണ്.

KOZHIKODE CONSTITUENCY  2024 LOKSABHA ELECTION  കോഴിക്കോട് മണ്ഡലം  എംകെ രാഘവന്‍ എളമരം കരീം
2024 Loksabha Election Kozhikkode Constituency analysis

By ETV Bharat Kerala Team

Published : Apr 18, 2024, 9:43 PM IST

കോഴിക്കോട്:സിറ്റിങ് എംപിമാർ നേർക്കുനേർ പോരാടുന്ന കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ ആര് ജേതാവാകും എന്നത് വലിയ ചോദ്യമാണ്. പാർലമെന്‍റിൽ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്‌ചവെച്ച ഇരുവരും ഒരുമിച്ച് ജയിക്കില്ലല്ലോ എന്നതാണ് കോഴിക്കോടുകാരില്‍ ചിലരുടെയെങ്കിലും സങ്കടം.

പടിപടിയായി ഉയർന്ന് വന്ന് മൂന്ന് തവണ വിജയിച്ച എംകെ രാഘവനെയും കോഴിക്കോടിന്‍റെ മുക്കിലും മൂലയിലും പരിചിതനായ എളമരം കരീമിനെയും ഒരുപോലെ പ്രിയമാണ് കോഴിക്കോടിന്. 2009-ൽ രാഘവൻ മുഹമ്മദ് റിയാസിനോട് ഏറ്റുമുട്ടിയ പോലെയുള്ള ഒരു മത്സരത്തിലേക്കാണ് കോഴിക്കോട് ഇത്തവണ കോപ്പ് കൂട്ടുന്നത്.

യുഡിഎഫിന്‍റെ മനസിൽ...

വരത്തനായിട്ടും കരുത്തോടെയുള്ള ഒറ്റയാൻ നീക്കങ്ങളാണ് രാഘവന്‍റെ കരുത്ത്. എംപി ഓഫീസ് പ്രവർത്തനങ്ങളിലടക്കം പുലർത്തി വരുന്ന കൃത്യമായ ചിട്ട. ചെറിയ വിഷയങ്ങളിൽ പോലും ഇടപെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ. കോഴിക്കോട്ടെ തലയെടുപ്പുള്ള നേതാക്കൾക്ക് മേലെ ജനകീയനായതിന്‍റെ കരുത്തും...

എന്നാൽ ശശി തരൂരിനെ അനുകൂലിച്ചതിന്‍റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ഉണ്ടായ തിരിച്ചടികൾ വോട്ടിൽ തിരിച്ചടിച്ചാൽ മത്സരം കടുത്തതാവും. തുടർച്ചയായ 15 കൊല്ലമായി സ്ഥിരമായി കാണുന്ന എംപിയെ ഒന്ന് മാറ്റണമെന്ന് കൂടുതൽ പേർ കടന്ന് ചിന്തിച്ചാൽ അതും യുഡിഎഫിന് വിനയാകും.

എൽഡിഎഫ് കണക്കു കൂട്ടുന്നത്...

തൊഴിലാളി പ്രസ്ഥാനത്തിന്‍റെ ഭാഗമായി പ്രവർത്തിച്ചതിന്‍റെ കരുത്തിലാണ് കരീമിന്‍റെ ഓരോ കരുനീക്കവും. ന്യൂനപക്ഷ വോട്ടുകൾ സമസ്‌തയുടെ ആശിർവാദത്തോടെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ലീഗ് വോട്ട് തന്നെ മറിയും എന്നതാണ് അതിലും വലിയ പ്രതീക്ഷ.

വലിയ വിവാദ വിഷയങ്ങൾ ഒന്നും നിലവിൽ ഇല്ലെങ്കിലും വ്യവസായ മന്ത്രി ആയിരുന്നപ്പോൾ ഉണ്ടായ ചില സംഭവ വികാസങ്ങൾ തിരിച്ചടിയാകുമോ എന്നതിലും ഭയപ്പാടുണ്ട്. ഇതൊക്കെയാണെങ്കിലും വോട്ടിങ് ശതമാനം വർധിപ്പിച്ച് ഇഞ്ചോടിഞ്ചിൽ എത്തി നിൽക്കുകയാണ് ഇടത് മനസ്. കൊടുവള്ളി ഒഴികെയുള്ള നിയമസഭ മണ്ഡലങ്ങളും കോർപ്പറേഷനും പഞ്ചായത്ത് ഭരണവും സഹകരണ മേഖലയിലുമെല്ലാം കൊടികുത്തി വാഴുന്ന ഇടതിന് നിലവിൽ എല്ലാം സേഫാണ്.

എൻഡിഎയുടെ ശ്രമം...

ജനകീയനായ നേതാവ് എംടി രമേശ് എന്ന സ്ഥാനാർഥി തന്നെയാണ് അവരുടെ വലിയ കരുത്ത്. വോട്ടിങ് ശതമാനത്തിൽ മുന്നേറ്റം തീർക്കാൻ തന്നെയാണ് അവരുടെ ശ്രമം. കരുത്ത് വർധിപ്പിക്കാനുള്ള എല്ലാ അടവുകളും പയറ്റുമ്പോഴും 'രാഘവൻ എഫക്‌ട്' അതിൽ വിള്ളൽ വീഴ്ത്തിയാൽ കണക്കു കൂട്ടലുകൾ പാളും. എന്തായാലും വലിയ പ്രതീക്ഷയിൽ തന്നെയാണ് എൻഡിഎ ക്യാമ്പ്.

കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും

  1. അറുമുഖന്‍- ബിഎസ്‌പി- ആന
  2. എളമരം കരീം- സിപിഐ(എം)- അരിവാള്‍ ചുറ്റിക നക്ഷത്രം
  3. എം ടി രമേശ്- ബിജെപി- താമര
  4. എം കെ രാഘവന്‍- കോണ്‍ഗ്രസ്- കൈപ്പത്തി
  5. അരവിന്ദാക്ഷന്‍ നായര്‍- ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടി- ഡയമണ്ട്
  6. ഡോ. എം ജ്യോതിരാജ്- എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്)- ബാറ്ററി ടോര്‍ച്

സ്വതന്ത്രര്‍

  1. അബ്‌ദുല്‍ കരീം (s/o അയമ്മദ് കുട്ടി)- ബീഡ് നെക്ലെയ്‌സ്
  2. അബ്‌ദുല്‍ കരീം (s/o മഹമ്മൂദ്)- ഡിഷ് ആന്‍റിന
  3. അബ്‌ദുല്‍ കരീം (s/o അസൈന്‍)- ബെല്‍റ്റ്
  4. എന്‍ രാഘവന്‍ (s/o ദാമു)- പേന സ്‌റ്റാന്‍ഡ്
  5. രാഘവന്‍ (s/o നാരായണന്‍ നായര്‍)- ഗ്ലാസ് ടംബ്ലര്‍
  6. ടി രാഘവന്‍ (s/o വെള്ളന്‍കുട്ടി)- ലേഡി ഫിങ്കര്‍
  7. ശുഭ- ടെലിവിഷന്‍

മണ്ഡലത്തിലെ ആകെ വോട്ടർമാർ- 14,29,631
സ്ത്രീകൾ- 7,38,509
പുരുഷന്മാർ- 6,91,096
ട്രാന്‍സ് ജെന്‍ഡര്‍- 26

Also Read :

  1. കൊല്ലത്ത് പ്രചാരണത്തിനായി കൃഷ്‌ണകുമാറിന്‍റെ കുടുംബവും; അച്‌ഛന്‍ കൂളാണെന്ന് ദിയ കൃഷ്‌ണ
  2. ലക്ഷദ്വീപ് നാളെ പോളിങ് ബൂത്തിലേക്ക്; വിപുലമായ സന്നാഹങ്ങളൊരുക്കി ദ്വീപ് ഭരണകൂടം

ABOUT THE AUTHOR

...view details