കണ്ണൂർ :വിഷപാമ്പുകളിലെ രാജാവാണ് രാജവെമ്പാല. ഇവയെ കൂട്ടത്തോടെ അടുത്ത് നിന്ന് കണ്ടവർ എത്ര പേരുണ്ട്? അപൂർവം ആകും, അല്ലേ. എന്നാൽ 2 ദിവസമായി കണ്ണൂർ ബക്കളത്തിനടുത്ത് ഷാജിയുടെ വീട്ടിലേക്ക് കാഴ്‌ചക്കാരുടെ ഒഴുക്കാണ്. എന്തിനാനാണെന്നല്ലേ കറുത്ത നിറത്തിൽ വെളുത്ത വരകളുള്ള 16 രാജവെമ്പാല കുഞ്ഞുങ്ങളെ കാണാൻ.
ഷാജിയുടെ വീട്ടിലെ വലിയ അക്യുറിയത്തിനുള്ളിൽ മരപ്പൊടികൾക്കിടയിൽ ശൗര്യം തുളുമ്പി ആരോഗ്യത്തോടെ ഇഴഞ്ഞു നീങ്ങുകയാണ് അവ. രാജവെമ്പാലയുടെ 16 കുട്ടികൾ ഇത്രയടുത്ത് ഇത്ര ആരോഗ്യത്തോടെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ എങ്ങനെ കാണുന്നു എന്നല്ലേ? അവിടെയാണ് ഷാജിയുടെയും രാജവെമ്പാല കുഞ്ഞുകളുടെയും കഥ തുടങ്ങുന്നത്.
കഴിഞ്ഞ ഏപ്രിൽ 20 ന് കണ്ണൂർ ജില്ലയിലെ കുടിയാന്മലയിലെ കൊക്കോത്തോട്ടത്തിൽ ജോലിക്കിടയിലാണ് ഷാജി രാജവെമ്പാലയെ കാണുന്നത്. ഉടൻ തന്നെ കരുവഞ്ചാൽ സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ മധുവിനെ വിവരം അറിയിച്ചു. പിടികൂടാനെത്തിയവരെ രാജവെമ്പാല പത്തി വിടർത്തി നേരിട്ടു, 'എന്‍റെ പിള്ളേരെ തൊടുന്നോടാ' എന്ന ഭാവത്തിൽ. പാമ്പിനെ അതിന്‍റെ തനി ആവാസവ്യവസ്ഥയിൽ വിട്ടയാക്കാൻ ആയിരുന്നു നിർദേശം. എന്നാൽ ബീറ്റ് ഓഫിസർമാരായ നികേഷ്, പ്രിയ എന്നിവരെത്തിയപ്പോഴേക്കും പാമ്പ് അരുവിയും മുളങ്കാടും കടന്ന് കാട്ടിലേക്ക് മറഞ്ഞു. അവിടെ നിന്നാണ് ഷാജിക്ക് പാമ്പ് ഉപേക്ഷിച്ചു പോയ മുട്ടകൾ കിട്ടിയത്.