പത്തനംതിട്ട:മണ്ഡലമകരവിളക്ക് കാലത്ത് നടതുറന്നതു മുതൽ ഇന്ന് (ഡിസംബര്‍ 05) രാവിലെ 11 വരെയുള്ള കണക്കനുസരിച്ച് ശബരിമലയിലെത്തിയത് 15 ലക്ഷം തീർഥാടകർ. റെക്കോര്‍ഡ് വർധനവാണ് തീർഥാടകരുടെ എണ്ണത്തില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ നാലു വരെ എത്തിയത് 10,04,607 തീർഥാടകരാണ്. എന്നാൽ ഇക്കുറി ഇന്നലെ (ഡിസംബര്‍ 04) വരെ 14,62,864 തീർഥാടകർ എത്തി.
4,58,257 പേരുടെ വർധനവ് ഇന്നലെ വരെ ഉണ്ടായി. ശബരിമലയിൽ ഇന്ന് രാവിലെ മൂന്നിനു നട തുറന്നതു മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള കണക്കനുസരിച്ച് 37844 തീർഥാടകരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങിലൂടെ 6,531 പേരും ദർശനം നടത്തി. ഇന്നലെ ആകെ 70,529 പേരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങിലൂടെ 12,106 പേരും ദർശനം നടത്തി. പമ്പവഴി 69,948 പേരും പുല്ലുമേടുവഴി 581 പേരും ദർശനം നടത്തി.
നീക്കം ചെയ്തത് 1640 ലോഡ് മാലിന്യം
ശബരിമലയിൽ ഇത്തവണ മണ്ഡലകാലത്തെ ആദ്യ 20 ദിനങ്ങളിൽ നീക്കം ചെയ്തത് 1640 ലോഡ് മാലിന്യം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുമാണ് വിശുദ്ധി സേനയും ദേവസ്വം ബോർഡിൻ്റെ പവിത്രം ശബരിമലയും ചേർന്ന് മാലിന്യം നീക്കം ചെയ്തത്. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിറ്റേഷൻ സൊസൈറ്റിയിലെ വിശുദ്ധി സേന വളണ്ടിയർമാരാണ് മാലിന്യം നീക്കം ചെയ്ത് വൃത്തിയും ശുദ്ധിയുമുള്ള ശബരിമലയ്ക്ക് തിളക്കം പകരുന്നത്.
ദിവസവും 35 ലോഡു മാലിന്യമാണ് സന്നിധാനത്ത് നിന്നും ദിവസവും നീക്കം ചെയ്യുന്നത്. അഞ്ച് ട്രാക്ടറുകളിൽ അപ്പാച്ചിമേട് മുതൽ പാണ്ടിത്താവളം വരെയുള്ള പ്രദേശങ്ങളിലെ മാലിന്യം ശേഖരിക്കുന്ന വിശുദ്ധി സേന ദേവസ്വം ബോർഡിൻ്റെ പാണ്ടിത്താവളത്തുള്ള മൂന്ന് ഇൻസിനിറേറ്ററുകളില്‍ എത്തിച്ചാണ് സംസ്കരിക്കുന്നത്. മണിക്കൂറിൽ 700 കിലോയാണ് ഇവിടത്തെ സംസ്കരണ ശേഷി.