തൃശൂര്‍:ജില്ലയിൽ 12 വയസ്സുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തൃശൂർ പാടൂർ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ 1 ന് പനിയെത്തുടർന്ന് പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കൂടിയതിനെത്തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സാമ്പിൾ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമാകുകയും വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ജൂൺ 16 ന് അമൃത ആശുപത്രിയിലെത്തിച്ചു.
ഒരാഴ്‌ചത്തെ ചികിത്സയ്ക്കു ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുകയും രണ്ടാഴ്‌ച മുമ്പ് വെൻ്റിലേറ്ററിൻ്റെ സഹായമില്ലാതെ കുട്ടി ശ്വസിച്ചു തുടങ്ങുകയും ചെയ്‌തു. തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമായതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് മുറിയിലേക്ക് മാറ്റിയത്.