മുംബൈ :ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ (India vs England 3rd Test) ഇന്ത്യ 434 റണ്‍സിന്‍റെ വമ്പൻ ജയം സ്വന്തമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രകടനമായിരുന്നു ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) നടത്തിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ 236 പന്ത് നേരിട്ട് പുറത്താകാതെ 214 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തിന്‍റെ നാലാം ദിനത്തിലായിരുന്നു ഇന്ത്യ ജയം സ്വന്തമാക്കിയത്.
അതിന് മുന്‍പായി രാജ്‌കോട്ട് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തില്‍ യശസ്വി ജയ്‌സ്വാള്‍ ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ ബാസ്‌ബോള്‍ ശൈലിയില്‍ റണ്‍സ് കണ്ടെത്തുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് ഇംഗ്ലീഷ് ഓപ്പണര്‍ ബെൻ ഡക്കറ്റ് (Ben Duckett) അഭിപ്രായപ്പെട്ടിരുന്നു. ലോക ക്രിക്കറ്റിലെ മറ്റ് ടീമുകളും ബാസ്ബോള്‍ ശൈലി പിന്തുടരുന്നതിന്‍റെ ക്രെഡിറ്റ് മുഴുവനും ഇംഗ്ലണ്ടിന് അര്‍ഹതപ്പെട്ടതാണെന്നും ഡക്കറ്റ് പറഞ്ഞിരുന്നു. എന്നാല്‍, ഈ പരാമര്‍ശത്തില്‍ ഡക്കറ്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുൻ താരം നാസര്‍ ഹുസൈൻ (Nasser Hussain).
ഇന്ത്യയുടെ യുവതാരം യശസ്വി ജയ്‌സ്വാളിനെ ബാസ്‌ബോള്‍ പഠിപ്പിച്ചത് നമ്മള്‍ ആണെന്നാണോ പറയുന്നത്. എന്നാല്‍, ആ കാര്യത്തെ കുറിച്ചാണ് എനിക്ക് സംസാരിക്കാനുള്ളത്. ഈ ശൈലിയില്‍ ബാറ്റ് ചെയ്യാൻ അവൻ പഠിച്ചത് നിങ്ങളില്‍ നിന്നുമല്ലെന്ന് വ്യക്തമാണ്.