വിശാഖപട്ടണം:ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം മോശമാകാതിരുന്നതില്‍ നിര്‍ണായകമായത് യുവതാരം യശസ്വി ജയ്‌സ്വാളിന്‍റെ പ്രകടനമാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ സെഞ്ചുറിയുമായാണ് യശസ്വി ജയ്സ്വാള്‍ തിളങ്ങിയത് (Yashasvi Jaiswal). വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിന്‍റെ രണ്ടാം സെഷന്‍റെ തുടക്കത്തില്‍ തന്നെ 22-കാരനായ യശസ്വി ജയ്‌സ്വാള്‍ മൂന്നക്കം തൊട്ടിരുന്നു.
ഇംഗ്ലീഷ് സ്പിന്നർ ടോം ഹാർട്ട്‌ലിയെ ലോങ് ഓണിലേക്ക് കൂറ്റന്‍ സിക്സറിന് പറത്തിയാണ് താരം സെഞ്ചുറി നേട്ടം ആഘോഷിച്ചത്. കരിയറിലെ തന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് എത്താന്‍ 151 പന്തുകളാണ് യശസ്വി ജയ്സ്വാളിന് വേണ്ടി വന്നത്. 11 ബൗണ്ടറികളും മൂന്ന് സിക്‌സറുമടക്കമായിരുന്നു താരം മൂന്നക്കത്തിലേക്ക് കുതിച്ചത്.
അതേസമയം മത്സരം ചായയ്‌ക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 225 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുള്ളത്. യശസ്വി ജയ്‌സ്വാളിന് (125*), രജിത് പടിദാറാണ് (25*) കൂട്ട്. രോഹിത് ശര്‍മ (14), ശുഭ്‌മാന്‍ ഗില്‍ (34), ശ്രേയസ് അയ്യര്‍ (27) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സമ്പാദ്യം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയര്‍ക്ക് സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് നില്‍ക്കെ ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. ഇംഗ്ലണ്ടിന്‍റെ അരങ്ങേറ്റക്കാരന്‍ ഷൊയ്ബ് ബഷീര്‍ രോഹിത് ശര്‍മയ്‌ക്ക് പുറത്തേക്കുള്ള വഴികാട്ടി. മൂന്നാം നമ്പറിലെത്തിയ ശുഭ്‌മാന്‍ ഗില്‍ നന്നായി തന്നെ തുടങ്ങിയെങ്കിലും ജയിംസ് ആന്‍ഡേഴ്‌സണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്‍റെ കയ്യില്‍ അവസാനിച്ചു.