ബെംഗളൂരു :ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളില്‍ ഒന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഈ വര്‍ഷം നടത്തിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനക്കാരായ സംഘം അവസാന മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചുകൊണ്ടായിരുന്നു പ്ലേഓഫിലെ നാലാം സ്ഥാനം പിടിച്ചെടുത്തത്. ആര്‍സിബിയുടെ മാത്രം തിരിച്ചുവരവായി ഈ സീസണെ ഒരിക്കലും കാണാൻ കഴിയില്ല.
ആര്‍സിബിയുടെ മടങ്ങിവരവോളം തന്നെ പ്രസക്തമാണ് അവരുടെ ഇടം കയ്യൻ പേസര്‍ യാഷ് ദയാലിന്‍റെ തിരിച്ചുവരവും. കഴിഞ്ഞ വര്‍ഷം റിങ്കു സിങ്ങിന്‍റെ സംഹാരതാണ്ഡവത്തില്‍ ഭസ്‌മമായിപ്പോയ താരമാണ് ഗുജറാത്ത് ടൈറ്റൻസിന്‍റെ ഭാഗമായിരുന്ന യാഷ് ദയാല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ റിങ്കു സിങ് അഞ്ച് സിക്‌സറുകളായിരുന്നു അന്ന് ദയാലിന്‍റെ ഒരു ഓവറില്‍ അതിര്‍ത്തി കടത്തിയത്.
അതിന് ശേഷം മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നു. ഗുജറാത്ത് നിരയിലും അവസരങ്ങള്‍ കുറഞ്ഞു. അന്ന് അടിവാങ്ങി കൂട്ടിയ ദയാലിനെ കഴിഞ്ഞ താരലേലത്തില്‍ ആര്‍സിബി സ്വന്തമാക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചു.
എന്നാല്‍, തന്‍റെ ആത്മവിശ്വാസം തിരികെ പിടിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ദയാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനായും ഇന്ത്യൻ പര്യടനത്തിന് എത്തിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ എ ടീമിലും കളിച്ച് മികവ് കാട്ടി. ആ പ്രകടനങ്ങള്‍ എല്ലാം ഒരു തുടക്കം മാത്രമായിരുന്നു.
ഐപിഎല്ലിലേക്ക് ആര്‍സിബി കുപ്പായത്തില്‍ കളത്തിലിറങ്ങിയപ്പോള്‍ കഥയാകെ മാറി. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകൻ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ വിക്കറ്റെടുത്ത് വരവറിയിച്ചു. വിക്കറ്റിന്‍റെ ഇരുവശത്തേക്കും പന്ത് മൂവ് ചെയ്യിക്കുന്ന ദയാല്‍ സ്ലോവര്‍ ബൗണ്‍സറുകളിലൂടെയും ഓഫ് പേസ് ഡെലിവറികളിലൂടെയും റണ്‍സ് വിട്ടുകൊടുക്കുന്നതും നിയന്ത്രിച്ചു. 9ന് താഴെ എക്കോണമിയിലാണ് സീസണില്‍ ലീഗ് സ്റ്റേജില്‍ ഉടനീളം ദയാല്‍ പന്തെറിഞ്ഞത്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ആര്‍സിബി പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിച്ച മത്സരത്തിലും നിര്‍ണായക പ്രകടനമായിരുന്നു ദയാല്‍ കാഴ്‌ചവച്ചത്. ഇന്നലെ നടന്ന മത്സരത്തില്‍ പ്ലേഓഫിന് യോഗ്യത നേടാൻ ചെന്നൈയ്‌ക്ക് അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരിക്കെ ആര്‍സിബി നായകൻ ഫാഫ് ഡുപ്ലെസിസ് വിശ്വാസത്തോടെ പന്തേല്‍പ്പിച്ചത് ദയാലിനെയായിരുന്നു. നിര്‍ണായക ഓവറില്‍ ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ എംഎസ് ധോണിയെ പുറത്താക്കി നായകന്‍റെ വിശ്വാസം കാത്ത് സൂക്ഷിക്കാനും ദയാലിന് സാധിച്ചു.
ഏഴ് റണ്‍സ് മാത്രമായിരുന്നു ഇടംകയ്യൻ പേസര്‍ ഈ ഓവറില്‍ വഴങ്ങിയത്. ഇതിന് പിന്നാലെ, ദയാലിന് അഭിനന്ദനവുമായി റിങ്കു സിങ് എത്തിയതും ക്രിക്കറ്റിന്‍റെ മനോഹാരിത ഉയര്‍ത്തുന്നു.
മത്സരശേഷം ആര്‍സിബി ക്യാപ്‌റ്റൻ ഫാഫ് ഡുപ്ലെസിസും ദയാലിന്‍റെ പ്രകടനത്തെ വാഴ്‌ത്തി. അവിശ്വസനീയമായ രീതിയാലാണ് ദയാല്‍ മത്സരത്തില്‍ പന്തെറിഞ്ഞത്. തനിക്ക് ലഭിച്ച പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ദയാലിന് നല്‍കാൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ഡുപ്ലെസിസ് പറഞ്ഞത്.
Also Read :അമ്പമ്പോ ഇത് എന്തൊരു ക്യാച്ച്...! മിച്ചല്‍ സാന്‍റ്‌നറെ പറന്നുപിടിച്ച് ഡുപ്ലെസിസ്: വീഡിയോ - Faf Du Plessis One Hand Catch