ദുബായ്: വനിത ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യം വച്ച ഓസ്‌ട്രേലിയയ്‌ക്ക് സെമിഫെനലില്‍ പിഴച്ചു. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ഓസീസ് വനിതകളെ കീഴടക്കി ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 20 ഓവറില്‍ അഞ്ചിന് 134 റണ്‍സായിരുന്നു നേടിയത്.
മറുപടിക്കിറങ്ങിയ പ്രോട്ടീസ് 17.2 ഓവറില്‍ രണ്ട് വിക്കറ്റിന് 135 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 48 പന്തില്‍ പുറത്താവാതെ 74 റണ്‍സ് നേടിയ അന്നേകെ ബോഷാണ് വിജയശില്‍പി. ക്യാപ്റ്റന്‍ ലോറ വോൾവാര്‍ഡ് 37 പന്തില്‍ 42 റണ്‍സ് നേടി.
2023ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഓസീസ് ഹാട്രിക് കിരീടം നേടിയത്. ആ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയാണ് പ്രോട്ടീസ് വനിതകള്‍ക്കിത്. ഈ മത്സരത്തെ അട്ടിമറിയെന്ന് വിശേഷിപ്പിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്.
ടി20 ഫോര്‍മാറ്റില്‍ ഓസീസ് വനിതകള്‍ക്ക് എതിരെ കളിച്ച 11 മത്സരങ്ങളില്‍ പ്രോട്ടീസ് വനിതകളുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയവും. വനിത ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ തുടർ വിജയങ്ങളുടെ റെക്കോഡും ഇവിടെ പൊളിഞ്ഞു. ഇതിന് മുന്നെ കളിച്ച 15 മത്സരങ്ങളില്‍ ഓസീസ് അജയ്യരായിരുന്നു.
ALSO READ: ഡക്കായത് അഞ്ച് പേര്‍! കിവീസ് പേസര്‍മാര്‍ക്ക് മുന്നില്‍ അടിതെറ്റി ഇന്ത്യ; ഒന്നാം ഇന്നിങ്‌സില്‍ 46 റണ്‍സിന് പുറത്ത്
മറ്റൊരു ടീമും ചരിത്രത്തിൽ ഏഴില്‍ കൂടുതല്‍ തുടര്‍ വിജയങ്ങള്‍ നേടിയിട്ടില്ല. 2009നുശേഷം നടന്ന ഏഴ് വനിതാ ടി20 ലോകകപ്പുകളില്‍ ആറെണ്ണത്തിലും ചാമ്പ്യന്മാരായത് ഓസീസാണ്. അതേസമയം ടോസ് നഷ്‌മായി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസിന് തുടക്കമേറ്റ പ്രഹരത്തില്‍ നിന്നും കരകയറാന്‍ പ്രയാസപ്പെട്ടു. ബെത്ത് മൂണി (42 പന്തില്‍ 44), എല്ലിസ് പെറി (23 പന്തില്‍ 31), താഹില മക്‌ഗ്രാത്ത് (33 പന്തില്‍ 27), ലിച്ച് ഫീല്‍ഡ് (9 പന്തില്‍ 16*) എന്നിവരുടെ പ്രകടമാണ് അവരെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത്.