ബീഹാറിലെ രാജ്‌ഗിറില്‍ നടക്കുന്ന വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്‍റില്‍ ജപ്പാനെ 3-0ന് തോൽപ്പിച്ച് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടി. 5 മത്സരങ്ങൾ ജയിച്ച ഇന്ത്യ 15 പോയിന്‍റുമായി പട്ടികയിൽ ഒന്നാമതെത്തി. ഒളിമ്പിക് വെള്ളി മെഡൽ ജേതാക്കളായ ചൈന (12) പിന്നിലാണ്.
നാളെ നടക്കുന്ന ഒന്നാം സെമിയിൽ ഇന്ത്യ നാലാം സ്ഥാനക്കാരായ ജപ്പാനെ നേരിടുമ്പോൾ, ചൈന മൂന്നാം സ്ഥാനത്തുള്ള മലേഷ്യയെ നേരിടും. ടൂർണമെന്‍റിലെ ടോപ് സ്‌കോററായ ദീപികയുടെ ഇരട്ടഗോളിലാണ് (47, 48 മിനിറ്റ്) ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. 37-ാം മിനിറ്റിൽ വൈസ് ക്യാപ്റ്റൻ നവനീത് കൗറും ഗോളടിച്ച് വിജയം തീരുമാനമാക്കി.
മത്സരത്തിന്‍റെ തുടക്കം മുതൽ പന്തിൽ ആധിപത്യം പുലർത്തിയ ഇന്ത്യ ആദ്യപാദത്തിൽ ആക്രമണോത്സുകതയോടെയാണ് കളിച്ചത്. ജാപ്പനീസ് ഗോൾകീപ്പർ യു കുഡോ തുടർച്ചയായ സേവുകൾ നടത്തി. രണ്ടാം പാദത്തിൽ തുടർച്ചയായ 3 ഗോളുകൾ രക്ഷിച്ച കുഡോ ഇന്ത്യയെ മികച്ച ലീഡ് ചെയ്യുന്നതിൽ നിന്ന് തടഞ്ഞു. ചൈനയ്‌ക്കെതിരായ പ്രകടനം പോലെ പകുതി സമയ ഇടവേളയ്ക്ക് ശേഷം ഇന്ത്യ കളി മാറ്റുകയായിരുന്നു.