ധാംബുള്ള: വനിത ഏഷ്യ കപ്പില്‍ ജയം തുടര്‍ന്ന് ഇന്ത്യ. യുഎഇക്കെതിരെ 78 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് നീലപ്പട നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അടിച്ച 201 റണ്‍സിലേക്ക് ബാറ്റേന്തിയ യുഎഇയ്‌ക്ക് 20 ഓവറില്‍ ഏഴിന് 123 റണ്‍സിലേക്കാണ് എത്താന്‍ കഴിഞ്ഞത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും ഇന്ത്യ കീഴടക്കിയിരന്നു.
യുഎഇയെ തകര്‍ത്തതോടെ ഗ്രൂപ്പ് എയില്‍ നിന്നും സെമിയോട് ഏറെ അടുക്കാന്‍ ഇന്ത്യയ്‌ക്കായി. സ്കോര്‍: ഇന്ത്യ- 201/5 (20), യുഎഇ - 123/7 (20).പൊരുതി നിന്ന ക്യാപ്റ്റന്‍ ഇഷ ഓസയും (36 പന്തില്‍ 38), കാവിഷ എഗോഡഗെയും(32 പന്തില്‍ 40*) ചേര്‍ന്നാണ് യുഎഇയുടെ തോല്‍വി ഭാരം കുറച്ചത്. ഖുഷി ശര്‍മയാണ് (13 പന്തില്‍ 10) രണ്ടക്കം തൊട്ട മറ്റൊരു താരം. ഇന്ത്യയ്‌ക്കായി ദീപ്‌തി ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
നേരത്തെ, ടോസ് നഷ്‌ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 201 റണ്‍സിലേക്ക് എത്തിയത്. ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ഇംഗ്ലണ്ടിനെതിരെ 2018ല്‍ നേടിയ 198 റണ്‍സായിരുന്നു ഇതുവരെയുള്ള ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന ടോട്ടൽ.