ഹൈദരാബാദ്: 2024 ഐപിഎൽ ചാമ്പ്യന്‍മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്‍റെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീം വിട്ടേക്കുമെന്ന് സൂചന. സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ, വരുൺ ചക്രവർത്തി, റിംഗു സിങ്, ഹർഷിത് റാണ എന്നിവരെ നിലനിർത്താൻ കൊൽക്കത്ത ടീം മാനേജ്‌മെന്‍റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാൽ ടീം വിലപേശിയതിനാൽ ശ്രേയസ് അയ്യർക്ക് 18 കോടിയുടെ കരാർ നൽകാനാകില്ലെന്നാണ് സൂചന.
സുനിൽ നരെയ്‌നും ആന്ദ്രെ റസ്സലിനും 18 കോടി രൂപയും റിങ്കു സിങ്ങിനും വരുൺ ചക്രവർത്തിക്കും 14 കോടി രൂപയും ശ്രേയസ് അയ്യർക്ക് 11 കോടി രൂപയും കരാർ വാഗ്‌ദാനം ചെയ്‌തായി പറയപ്പെടുന്നു. കൊൽക്കത്തയുടെ ഒന്നാം നമ്പറായി നിലനിർത്താൻ ആഗ്രഹിച്ച ശ്രേയസ് അയ്യർ മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തിൽ നിരാശനാണ്. തുടർന്ന് കൊൽക്കത്ത ടീം സിഇഒ വെങ്കി മൈസൂരും പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റും ശ്രേയസ് അയ്യരുമായി ചർച്ച നടത്തുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. ഇതേ തുടർന്നാണ് ശ്രേയസ് അയ്യരെ വിട്ടയക്കാൻ കൊൽക്കത്ത ആലോചിക്കുന്നതെന്നാണ് സൂചന.
എന്നാല്‍ വരാനിരിക്കുന്ന മെഗാലേലത്തിൽ ശ്രേയസ് പങ്കെടുത്താല്‍ ഐപിഎല്ലിൽ കൊൽക്കത്തയെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനു വേണ്ടി മറ്റു ക്ലബ്ബുകൾ വൻ ഓഫറുകൾ തന്നെ നല്‍കിയേക്കും. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും താരത്തിനായി ശക്തമായ മത്സരം തന്നെ നടത്താനാണു സാധ്യത. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെ നയിച്ചത് ശിഖര്‍ ധവാനായിരുന്നു. താരം വിരമിച്ചതിനാല്‍ പഞ്ചാബിന് പുതിയൊരു ക്യാപ്‌റ്റനെ കണ്ടെത്തേണ്ടി വരും.