റാഞ്ചി : ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലൂടെ (India vs England 4th Test) ഇന്ത്യയ്‌ക്കായുള്ള തന്‍റെ അന്താരാഷ്‌ട്ര കരിയറിന് തുടക്കം കുറിച്ചിരിക്കുകയാണ് യുവ പേസര്‍ ആകാശ് ദീപ് (Akash Deep). ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് 27-കാരന് ടെസ്റ്റ് ക്യാപ് കൈമാറിയത്. ഇന്ത്യ എയ്‌ക്ക് വേണ്ടിയുള്ള പ്രകടനത്തിലൂടെയാണ് ബംഗാളിന്‍റെ താരമായിരുന്ന ആകാശ് ദീപിന് സീനിയര്‍ ടീമിലേക്ക് വിളിയെത്തിയത്.
ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടേണ്ടി വന്ന 27-കാരന് ഇന്ത്യന്‍ ടീമിലേക്കുള്ള യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ആ കഥ ഇങ്ങനെ. ബിഹാറിലെ സസാരാം സ്വദേശിയായ ആകാശ് ദീപ് ചെറുപ്പം മുതല്‍ തന്നെ ക്രിക്കറ്റ് കളിക്കുന്നതിൽ അതീവ തത്പരനായിരുന്നു. എന്നാല്‍ പിന്തുണയ്‌ക്കാതിരുന്ന പിതാവ് നിരന്തരം നിരുത്സാഹപ്പെടുത്തി. (Who Is Akash Deep) ഒടുവില്‍ ജോലി കണ്ടെത്താനെന്ന വ്യാജേന സ്വദേശം വിട്ട ആകാശ് ദുർഗാപൂരിലേക്ക് പോയി.
അമ്മാവന്മാരിൽ ഒരാളുടെ പിന്തുണ ലഭിച്ചതോടെ അവിടെ ഒരു പ്രാദേശിക അക്കാദമിയിൽ ചേരാന്‍ താരത്തിന് കഴിഞ്ഞു. ആകാശിന്‍റെ വേഗവും മൂര്‍ച്ചയുമുള്ള പന്തുകള്‍ക്ക് എളുപ്പം തന്നെ ശ്രദ്ധ ലഭിച്ചുതുടങ്ങി. ക്രിക്കറ്റില്‍ വലിയ ഉയര്‍ച്ച തന്നെ താരം സ്വപ്‌നം കണ്ടിരുന്ന ഒരു സമയമായിരുന്നു ഇത്.
എന്നാല്‍ ആദ്യം പിതാവിന്‍റെയും പിന്നാലെ സഹോദരന്‍റെയും ജീവന്‍ കവര്‍ന്ന് വിധി ആകാശിനെ വെല്ലുവിളിച്ചു. ഇതോടെ വലിയ ദാരിദ്ര്യത്തിലേക്കാണ് ആകാശിന്‍റെ കുടുംബം വീണത്. ഒടുവില്‍ അമ്മയെ പരിചരിക്കുന്നതിനായി പണം കണ്ടെത്തുന്നതിനായി മൂന്ന് വര്‍ഷങ്ങള്‍ താരത്തിന് ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കേണ്ടിയും വന്നു.